കൊച്ചി: പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി വിശ്വകര്‍മ സമുദായത്തെയും ഹിന്ദുസമൂഹത്തെയും അവഹേളിച്ച് മാതൃഭൂമി ദിനപത്രം ലേഖനം പ്രസിദ്ധീകരിച്ചതില്‍ തെറ്റ് ആവര്‍ത്തിച്ച് ആലങ്കോട് ലീലാകൃഷ്ണന്റെ വിശദീകരണം.
താനെഴുതിയ ലേഖനത്തെക്കുറിച്ച് തന്റേതല്ലാത്ത അഭിപ്രായം പ്രചരിപ്പിച്ച് തനിക്കും ‘മാതൃഭൂമി’ക്കുമെതിരെ ചിലര്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് ലീലാകൃഷ്ണന്‍ പറയുന്നത്. ‘ഇവര്‍ പുഴപോലെ ഒഴുകി മറഞ്ഞവര്‍’ എന്ന വിവാദ ലേഖനത്തിനെതിരെ വിശ്വകര്‍മ സംഘടനകളും ഹിന്ദു സംഘടനകളും വ്യക്തികളും കടുത്ത പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് സപ്തംബര്‍ 22-ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖകന്റെ വിശദീകരണമുള്ളത്.
പെരുന്തച്ചന്‍ ക്രിസ്ത്യാനിയാണെന്ന അഭിപ്രായം കേസരി ബാലകൃഷ്ണപിള്ളയുടേതാണെന്നും, അത് തന്റേതായി പ്രചരിപ്പിക്കുന്നത് ആക്ഷേപാര്‍ഹമെന്നുമാണ് ലീലാകൃഷ്ണന്റെ വിചിത്ര നിലപാട്. കേസരിയുടെ അബദ്ധ പ്രസ്താവം താന്‍ തന്നെയാണ് ലേഖനത്തില്‍ എടുത്തുചേര്‍ത്തതെന്ന കാര്യം ലീലാകൃഷ്ണന്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഇനി താന്‍ എഴുതിക്കൊടുത്ത ലേഖനത്തില്‍ ഇത് മറ്റാരെങ്കിലും തിരുകിക്കയറ്റിയതാണെങ്കില്‍ അക്കാര്യം ലീലാകൃഷ്ണന്‍ തുറന്നുപറയണം. ഇതിനുള്ള ആര്‍ജവം കാണിക്കാതെ കേസരിയുടെ അഭിപ്രായമല്ല തന്റേതെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് ലീലാകൃഷ്ണന്‍ ശ്രമിക്കുന്നത്. ലേഖനം വായിക്കുന്ന ഒരാള്‍ക്കും കേസരിയുടെ അഭിപ്രായത്തെ ലീലാകൃഷ്ണന്‍ ഖണ്ഡിക്കുന്നതായി തോന്നില്ല.
പന്തിരുകുലത്തിലെ പെരുന്തച്ചന്‍ ക്രിസ്ത്യാനിയും, അകവൂര്‍ ചാത്തനും പാക്കനാരും ശാക്തേയമതക്കാരും, വള്ളോന്‍ ബുദ്ധമതക്കാരനും, കാരയ്‌ക്കല്‍ മാത ജൈനമതക്കാരിയുമാെണന്ന കേസരി ബാലകൃഷ്ണപിള്ളയുടെ വികലമായ കണ്ടെത്തലുകളോട് അനുഭാവമുള്ളതുകൊണ്ടാണ് ലീലാകൃഷ്ണന്‍ ഇത് തന്റെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണ് ഇതിനു കാരണം. ചരിത്രപണ്ഡിതനായി ആരും അംഗീകരിക്കുന്നയാളല്ല കേസരി. ഭ്രമകല്‍പ്പനകള്‍ പോലെയാണ് അദ്ദേഹത്തിന്റെ പല ചരിത്രസിദ്ധാന്തങ്ങളും. അവയിലൊന്ന് ബോധപൂര്‍വം തെരഞ്ഞെടുത്ത് ലേഖനത്തില്‍ ചേര്‍ത്തിട്ട് ആ കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് വിശ്വകര്‍മ സമുദായ സംഘടനകളുടെ നിലപാട്.
തൊടുന്യായം പറഞ്ഞ് ലേഖകന്‍ വിശദീകരണം നടത്തിയാല്‍ പോരാ, ‘മാതൃഭൂമി’ മാപ്പുപറയുകയാണ് വേണ്ടതെന്ന് വിശ്വകര്‍മ സമുദായ കൂട്ടായ്‌മ സംസ്ഥാന രക്ഷാധികാരിയും വിവരാവകാശ പ്രവര്‍ത്തകനുമായ വി. രാജേന്ദ്രന്‍ ‘ജന്മഭൂമി’യോട് പ്രതികരിച്ചു. ഇതിന് തയാറല്ലെങ്കില്‍ ‘മാതൃഭൂമി’ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനാണ് തീരുമാനം. ‘മാതൃഭൂമി’ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി.
















