തിരുവനന്തപുരം: വ്യജ വഴിപാട് പ്രസാദങ്ങളുടെ വ്യാപനം അനിയന്ത്രിതമായതോടെ ക്ഷേത്രങ്ങളിലെ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്ഷേത്ര പ്രസാദങ്ങള്‍ ബേക്കറികളും മറ്റു വ്യവസായ സ്ഥാപനങ്ങളും വ്യാപകമായി ഉണ്ടാക്കുന്നതും വില്‍ക്കുന്നതും തടയാനാണ് ഈ നീക്കം.
ശബരിമല ക്ഷേത്രത്തിലെ ഉണ്ണിയപ്പം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസം, തിരുവാര്‍പ്പ് ക്ഷേത്രത്തിലെ പായസം എന്നിവയ്‌ക്കാണ് പേറ്റന്റിന് ശ്രമിക്കുന്നത്. പേറ്റന്റ് നേടാനുള്ള നടപടികള്‍ തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാല്‍പ്പായസം തെറ്റായരീതിയില്‍ അനധികൃതമായി നിര്‍മിച്ച് ചില ബേക്കറികളില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനടപടി സ്വീകരിച്ചുവരികയാണ്.
















