കൊച്ചി : പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്തുവരെ ഹൈക്കോടതി വിലക്കി. ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ പൊതു താത്പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
ഇതു സംബന്ധിച്ച് രണ്ട് പൊതു താല്‍പര്യ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയിലെത്തിയത്. പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. കൂടാതെ ഐഐടിയുടെ ഉള്‍പ്പടെയുള്ളവരുടെ റിപ്പോര്‍ട്ടുകളില്‍ പാലം പൊളിക്കണം എന്ന നിര്‍ദ്ദേശമില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പാലത്തിന് ബലക്ഷയം ഉണ്ടെന്നത് ഹര്‍ജിക്കാര്‍ സമ്മതിക്കുന്നുണ്ട്.
ജനങ്ങളുടെ ജീവന്‍ വച്ച് പന്താടാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പാലം പൊളിക്കുന്നതിന് എതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോട് ഇത് പഠിച്ച് പത്രിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പത്താം തീയതി ഹര്‍ജി വീണ്ടും പരിഗണിക്കും.
പാലാരിവട്ടം മേല്‍പ്പാലത്തില്‍ രൂപപ്പെട്ട വിള്ളലുകളുടെ യഥാര്‍ഥ കാരണം കണ്ടെത്താതെയാണ് പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നാണ് എന്‍ജിനീയര്‍മാരുടെ വാദം.
ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാനദണ്ഡപ്രകാരമാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം. കോണ്‍ക്രീറ്റ് ടെസ്റ്റില്‍ നല്ല ഫലമാണു ലഭിച്ചത്. ഗര്‍ഡറുകളിലും പിയറുകളിലും ഐഐടി നടത്തിയ റീബൗണ്ട് ഹാമര്‍ ടെസ്റ്റുകളിലും നിര്‍മാണത്തില്‍ പാളിച്ചയുള്ളതായി കണ്ടെത്തിയില്ല. ഗര്‍ഡറുകളിലെ വിള്ളലുകളും അനുവദനീയ പരിധിക്കുള്ളില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭാരപരിശോധന നടത്തിയശേഷമേ തുടര്‍ നടപടിയെടുക്കാവൂ.
അറ്റകുറ്റപ്പണികൊണ്ട് പാലത്തിന്റെ ബലക്ഷയം മാറ്റാനാകില്ലെന്ന ഇ.ശ്രീധരന്റെ കണ്ടെത്തലില്‍ പിഴവുണ്ട്. പാലത്തിന് ഗുണനിലവാരം കുറവാണെ മഹേഷ് ടണ്ടന്‍ റിപ്പോര്‍ട്ടും, പാലം പൊളിക്കണമെന്ന് നിര്‍ദേശിച്ച ഐഐടിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്നും എന്‍ജിനീയര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പാലം നിര്‍മാണ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയത്. ബുധനാഴ്ച രാവിലെ പത്തു മണി മുതല്‍ ഒരു മണി വരെ സൂരജിനെ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി.
















