കോഴിക്കോട്: ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തിനല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്ത കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘം പെണ്‍കുട്ടിയില്‍നിന്നും പോലീസില്‍നിന്നും ഇതുമായി ബന്ധപ്പെട് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.
നടുവണ്ണൂര്‍ സ്വദേശിയും പെണ്‍കുട്ടിയുടെ സഹപാഠിയുമായ കാവില്‍ മുഹമ്മദ് ജാസിം (19) എന്നയാളാണ് നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി മതപരിവര്‍ത്തനത്തിന് ശ്രമിച്ചത്. പ്രതിയെ കുറിച്ച് വിവരം നല്‍കിയിട്ടും പോലീസ് നടപടി ഒന്നും എടുക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എന്‍ഐഎ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ഇയാളെ ഒന്നരമാസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടത്തുകയാണെന്നും കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളേജ് സിഐ മൂസ വള്ളിക്കാടന്‍ അറിയിച്ചു.
കഴിഞ്ഞ ജൂലായ് 25-ന് വൈകാണ് കേസിനാസ്പദമായ സംഭവം നടന്നത്. സരോവരം ബയോപാര്‍ക്കിലെത്തിച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചശേഷം പെണ്‍കുട്ടിയെ തന്റെ മതത്തിലേക്ക് മാറാന്‍ ജാസിം ആവശ്യപ്പെട്ടെന്നാണ് പരാതി.
പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ഏഴുമണിക്ക് ഹോസ്റ്റലിന് മുന്നില്‍ വിദ്യാര്‍ത്ഥിനി സഞ്ചരിച്ച കാര്‍ തടഞ്ഞുവെച്ച് ജാസിം വധഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. നടക്കാവ് പോലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറി.
















