കൊല്ലം: കൊല്ലം എസ്എന്‍ കോളേജിനെ തകര്‍ക്കാന്‍ എസ്എഫ്‌ഐ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ ജില്ലയിലെ എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം. കോളേജിനെ തകര്‍ക്കാന്‍ പിന്തുണയ്‌ക്കുന്നവര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനു മുന്നോടിയായി ചൊവ്വാഴ്ച നൂറുകണക്കിന് യോഗം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കോളേജ് സംരക്ഷണ മാര്‍ച്ച് സംഘടിപ്പിക്കും. തുടര്‍ന്ന് യൂണിയന്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
കോളേജിന്റെ നടത്തിപ്പും അച്ചടക്കവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും യോഗം തീരുമാനിച്ചു. സമരപരിപാടികള്‍ ഏകോപിപ്പിക്കാന്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ.ജി. ജയദേവന്‍ ചെയര്‍മാനും കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍ കണ്‍വീനറായും എസ്എന്‍ കോളേജ് സംരക്ഷണ സമിതിക്കും യോഗം രൂപം നല്‍കി.
കോളേജിന്റെ അക്കാദമിക് മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എസ്എഫ്‌ഐ കുറച്ച് കാലമായി നടത്തി വരികയാണെന്ന് യൂണിയന്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്‍ പറഞ്ഞു. നാക്കിന്റെ എ ഗ്രേഡ് അക്രഡിറ്റേഷന്‍ ജില്ലയില്‍ ഇപ്പോള്‍ കൊല്ലം എസ്എന്‍ കോളേജിന് മാത്രമാണുള്ളത്. നാക്കിന്റെ പരിശോധനാ സംഘം വീണ്ടും വരാനിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹാജരും കോളേജിന്റെ അച്ചടക്കവും മികച്ച ഗ്രേഡ് ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാലെ കോളേജിന്റെ വികസനത്തിന് യുജിസിയുടെ ഫണ്ട് ലഭിക്കുകയുള്ളു. ഇത് നഷ്ടമാക്കാനാണ് അക്രമികള്‍ ലക്ഷ്യം വെയ്‌ക്കുന്നത്.
സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ പ്രിന്‍സിപ്പലിന് നേരെ അസഭ്യവര്‍ഷം നടത്തുക അനുവാദമില്ലാതെ ക്ലാസ് മുറികളില്‍ കയറി വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് പുറത്തിറക്കുക, ഗേറ്റ് തല്ലിപ്പൊളിക്കുക ഇങ്ങനെ നിരവധി അക്രമങ്ങളാണ് എസ്എഫ്‌ഐ കോളേജ് ക്യാമ്പസില്‍ കാട്ടിക്കൂട്ടുന്നത്.
ഒരുവട്ടം അച്ചടക്ക നടപടി സ്വീകരിച്ചപ്പോള്‍ നിരുപാധികം മാപ്പെഴുതി നല്‍കിയവര്‍ വീണ്ടും അതിക്രമങ്ങള്‍ തുടരുകയാണ്. നഗരത്തിലെ മറ്റ് കോളേജുകളിലെല്ലാം ക്ലാസ് തുടങ്ങുമ്പോള്‍ ഗേറ്റ് അടയ്‌ക്കും. കൊല്ലം എസ്എന്‍ കോളേജില്‍ പ്രിന്‍സിപ്പല്‍ അര മണിക്കൂര്‍ കൂടി അധികം നല്‍കുന്നുണ്ട്. പിന്നീടെത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുമ്പോള്‍ പ്രവേശിപ്പിക്കുന്നുമുണ്ട്. അതേസമയം കോളേജില്‍ പ്രവേശിക്കാന്‍ കഴിയാത്ത പുറത്തുള്ളവരാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും ഡോ. ജി. ജയദേവന്‍ പറഞ്ഞു.
കോളേജില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിന് പ്രിന്‍സിപ്പലിന് എല്ലാവിധ പിന്തുയും നല്‍കണമെന്ന് കൊട്ടാരക്കര യൂണിയന്‍ സെക്രട്ടറി വിശ്വംഭരന്‍ പറഞ്ഞു. നഗരത്തിലെ മറ്റ് കോളേജുകളില്‍ ഗേറ്റ് അടയ്‌ക്കുന്നതിനെ എതിര്‍ക്കാത്തവര്‍ എസ്എന്‍ കോളേജില്‍ മാത്രം പ്രശ്‌നം ഉണ്ടാക്കുന്നതിന്റെ ചേതോവികാരം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെന്ന് യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍ പറഞ്ഞു.
നേരത്തെ എസ്.എന്‍ കോളേജിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. അതിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് ചാത്തന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് ബി.ബി. ഗോപകുമാറും അറിയിച്ചു.
















