കൊച്ചി: പന്തിരുകുലം ഐതിഹ്യത്തിലെ ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച് വിശ്വകര്‍മ സമുദായത്തെയും ഹിന്ദുസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. പ്രസ്തുത ലേഖനം മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നു.
ഹിന്ദുസമൂഹത്തിലെ ലക്ഷക്കണക്കിന് വിശ്വകര്‍മ സമുദായാംഗങ്ങളെയും മറ്റുള്ളവരെയും വേദനിപ്പിക്കാന്‍ വേണ്ടിയാണ് മാതൃഭൂമി വിവാദ ലേഖനം പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാവേലിക്കര സ്വദേശി വി. രാജേന്ദ്രന്‍ എന്നയാളാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
മാതൃഭൂമിയുടെ സെപ്തംബര്‍ 15-ലെ വാരാന്തപ്പതിപ്പില്‍ ആലംകോട് ലീലാകൃഷ്ണന്‍ എഴുതിയ ‘ഇവര്‍ പുഴ പോലെ ഒഴുകി മറഞ്ഞവര്‍’ എന്ന ലേഖനത്തിലാണ് പറയിപെറ്റ പന്തിരുകുലത്തില്‍ പിറന്നതായി ചരിത്രത്തിലും ഐതിഹ്യത്തിലും പരാമര്‍ശിക്കുന്ന ഉളിയന്നൂര്‍ തച്ചന്‍ (പെരുന്തച്ചന്‍) ക്രിസ്ത്യാനിയാണെന്ന് പറയുന്നത്. വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായി കരുതപ്പെടുന്ന വരരുചിയുടെ പന്ത്രണ്ടു മക്കളില്‍ ഒരാളായ മഹാത്മാവാണ് വാസ്തു ശാസ്ത്ര നിപുണനായ പെരുന്തച്ചന്‍. പെരുന്തച്ചന്‍ ക്രിസ്ത്യാനിയായിരുന്നുവെന്ന മറ്റൊരാളിന്റെ അഭിപ്രായം അതേപടി ലീലാകൃഷ്ണന്‍ ബോധപൂര്‍വം തന്റെ ലേഖനത്തില്‍ ചേര്‍ക്കുകയും, മാതൃഭൂമി അത് കരുതിക്കൂട്ടി പ്രസിദ്ധീകരിക്കുകയുമായിരുന്നുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രപഞ്ചസ്രഷ്ടാവായി വേദഗ്രന്ഥങ്ങളില്‍ സ്തുതിക്കുന്ന വിശ്വകര്‍മാവില്‍ നിന്നാവിര്‍ഭവിച്ച മഹത്വമാര്‍ന്ന ജനതയാണ് വിശ്വകര്‍മജര്‍. അവരാണ് സംസ്‌കാരങ്ങളും പൗരാണികമായ വിശ്വവിദ്യാലയങ്ങളും പടുത്തുയര്‍ത്തിയത്. ഈ ജനതയെ അവഹേളിക്കുകയാണ് മാതൃഭൂമി ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ വിമര്‍ശിക്കുന്നു. അടുത്തിടെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമി നായര്‍ സമുദായത്തെ വേദനിപ്പിച്ച കാര്യവും പരാതിയില്‍ പറയുന്നുണ്ട്.
















