മക്കളേ,
തെറ്റുപറ്റുക എന്നത് മനുഷ്യസഹജമാണ്. ജീവിതത്തില്‍ തെറ്റു പറ്റാത്തവരോ തെറ്റു ചെയ്യാത്തവരോ ആയി ആരുംതന്നെ ഉണ്ടാവില്ല. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ കര്‍മ്മംകൊണ്ടോ ചെയ്യരുതാത്തതു ചെയ്യുക അല്ലെങ്കില്‍ ചെയ്യേണ്ടത് ചെയ്യാതിരിക്കുക എന്നതുതന്നെയാണ് തെറ്റ്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ തെറ്റു ചെയ്യുന്നവരുണ്ടാകാം. തെറ്റിനെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ട് തെറ്റു ചെയ്തുപോകുന്നവരും ഉണ്ടാകാം. ഏതായാലും തെറ്റു തിരുത്തുവാനുള്ള ആദ്യപടി, ചെയ്ത തെറ്റു തിരിച്ചറിയുക എന്നതാണ്.
തെറ്റു ബോദ്ധ്യമായാല്‍ അതില്‍ പശ്ചാത്തപിക്കണം. പശ്ചാത്താപം തന്നെ ഒരു തരം പ്രായശ്ചിത്തമാണ്. പശ്ചാത്താപത്തിന്റെ കണ്ണുനീരിന് കഴുകിക്കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്നറിഞ്ഞു കഴിഞ്ഞാല്‍, തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. പശ്ചാത്താപം ആത്മാര്‍ത്ഥമായിരിക്കണം.
മറ്റുള്ളവരെ കാണിക്കാനായി മാത്രം പശ്ചാത്താപം നടിക്കുന്ന ചിലരുണ്ട്. പോക്കറ്റടി ശീലമുള്ള ഒരു പയ്യനുണ്ടായിരുന്നു. ഒരുദിവസം ഒരു കച്ചവടക്കാരന്റെ പേഴ്‌സ് മോഷ്ടിച്ചു. മകന്റെ ദുശ്ശീലത്തെക്കുറിച്ച് അമ്മയ്‌ക്ക് വലിയ വിഷമമായി. അടുത്ത ക്ഷേത്രത്തിലെ പൂജാരിയുടെ അടുത്ത് ചെന്ന് കുറ്റം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കാന്‍ അമ്മ മകനോട് പറഞ്ഞു. പയ്യന്‍ പൂജാരിയുടെ അടുത്തു ചെന്നു പറഞ്ഞു, ”തിരുമേനി, ഞാന്‍ ഇന്നലെ ഒരു വലിയ തെറ്റു ചെയ്തു. ഒരു കച്ചവടക്കാരന്റെ പേഴ്‌സ് മോഷ്ടിച്ചു.” പൂജാരി പറഞ്ഞു, ”നീ ചെയ്തത് വലിയ അപരാധമായിപ്പോയി. ഉടനെതന്നെ കച്ചവടക്കാരനെ കണ്ട് അയാളുടെ പേഴ്‌സ് തിരികെ കൊടുക്കൂ.” പയ്യന്‍ കടക്കാരനെ കണ്ട് പേഴ്‌സ് തിരികെ നല്കി, തിരിച്ച് വീട്ടിലെത്തി. അന്ന് രാത്രി അമ്മ നോക്കുമ്പോള്‍ മകന്‍ കുറെ നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നു. പണം എങ്ങിനെ കിട്ടിയെന്ന് അമ്മ ചോദിച്ചപ്പോള്‍ മകന്‍ പറഞ്ഞു, ”കുറ്റം ഏറ്റു പറയാന്‍ ചെന്ന സമയം പൂജാരിയുടെ അടുത്തുണ്ടായിരുന്ന പെട്ടിയില്‍ നിന്ന് ഞാന്‍ അടിച്ചെടുത്തതാണ്.” ഈ പയ്യന്റേതുപോലെയാകരുത് പാശ്ചാത്താപം.
തെറ്റു തിരിച്ചറിഞ്ഞാല്‍ തെറ്റു തിരുത്താനും ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനും ദൃഢനിശ്ചയമെടുക്കണം. വാസ്തവത്തില്‍ നമ്മള്‍ ഓരോ തെറ്റു ചെയ്യുമ്പോഴും നമ്മുടെയുള്ളില്‍നിന്നും മനഃസാക്ഷി ‘ഇതു ചെയ്യരുതേ, ചെയ്യരുതേ’ എന്ന് മൃദുവായി മന്ത്രിക്കുന്നുണ്ട്. ആ മനഃസാക്ഷിയുടെ ശബ്ദത്തിന് ചെവി കൊടുത്താല്‍ നമ്മള്‍ തെറ്റിലേയ്‌ക്കു പോകില്ല.
മനുഷ്യന്‍ അറിവില്ലാതെ തെറ്റു ചെയ്യാറുണ്ട്. അത്തരം തെറ്റ് ഈശ്വരന്‍ ക്ഷമിക്കും. എന്നാല്‍ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ക്ഷമിക്കില്ല. ഒരറ്റത്ത് റബ്ബര്‍ പിടിപ്പിച്ച പെന്‍സിലുണ്ട്. എഴുതുന്നതു മായ്‌ക്കാന്‍ ആ റബ്ബര്‍ ഉപകരിക്കും. എന്നാല്‍ അനേകം തവണ മായ്ച്ചാല്‍ കടലാസ് കീറിപ്പോകും. അതിനാല്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കുകതന്നെ വേണം.
പശ്ചാത്താപം ആത്മാര്‍ത്ഥമാകണം. എന്നാല്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ച് ഓര്‍ത്തോര്‍ത്ത് കഠിനമായ കുറ്റബോധത്തിന് കീഴ്‌പെടുന്നവരുണ്ട്. അവര്‍ക്ക് ജീവിതം തന്നെ ഒരു ഭാരമായിത്തീരുന്നു. കുറ്റബോധം ഒന്നിനും പരിഹാരമല്ല. അത് മനസ്സിന്റെ ശക്തിയെ തളര്‍ത്തുകയെയുള്ളു. മുറിവു നോക്കി കരഞ്ഞുകൊണ്ടിരുന്നാല്‍ അത് പൊറുക്കുകയില്ല, സെപ്റ്റിക്കാകുകയേയുള്ളു. മരുന്നു വെച്ചുകെട്ടുകയാണു വേണ്ടത്. കഴിഞ്ഞുപോയത് ഒരു ക്യാന്‍സല്‍ഡ് ചെക്കു പോലെയാണ്. ഇന്നലെ ഇന്നാവുകയില്ല. ചെയ്ത കര്‍മ്മങ്ങളും ചെയ്യാന്‍പോകുന്ന കര്‍മ്മങ്ങളും ഈശ്വരങ്കല്‍ സമര്‍പ്പിക്കുക. അപ്പോള്‍ ഹൃദയഭാരം ഒഴിഞ്ഞുകിട്ടും, വിശ്രാന്തി കൈവരും, തെറ്റ് തിരുത്താനും ശരി ചെയ്യുവാനുമുള്ള ശക്തിയും അതു പ്രദാനം ചെയ്യും. എന്നാല്‍ തിരുത്താന്‍ ആകാത്ത ചില തെറ്റുകളുണ്ട്. നമ്മള്‍ അശ്രദ്ധമായി വണ്ടിയോടിച്ചതുകാരണം ഒരാള്‍ മരണപ്പെട്ടുവെന്നു കരുതുക. ആ തെറ്റു തിരുത്തുക സാദ്ധ്യമല്ല. എങ്കിലും ഇനിയൊരിക്കലും അശ്രദ്ധമായി വണ്ടിയോടിക്കില്ലെന്ന് ദൃഢനിശ്ചയമെടുക്കാം. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി വാഹനാപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന പാവങ്ങള്‍ക്ക് തന്നാലാവുന്ന സഹായം ചെയ്യുകയുമാകാം. അത്തരം സല്‍പ്രവൃത്തികള്‍ ഏറ്റവും നല്ല പ്രായശ്ചിത്തമാണ്. അശോകചക്രവര്‍ത്തിയുടെയും നോബല്‍ സമ്മാനം ആരംഭിച്ച ശാസ്ത്രജ്ഞന്റെയും ചരിത്രം നമ്മള്‍ കേട്ടിട്ടുള്ളതാണല്ലോ.
മനുഷ്യജീവിതംതന്നെ തെറ്റില്‍നിന്നും ശരിയിലേയ്‌ക്കുള്ള ഒരു യാത്രയാണ്. ആത്മബോധത്തിലേയ്‌ക്ക് ഉയര്‍ന്നിട്ടില്ലാത്ത നമുക്ക് തെറ്റുകള്‍ സംഭവിച്ചുകൊണ്ടിരിക്കും. എന്നാല്‍ സ്വയം നന്നാകാനുള്ള ഒരു പരിശ്രമം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും നന്മ നിറഞ്ഞതായിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഒരു നിസ്സാരതെറ്റു പറ്റിയാല്‍പോലും അതില്‍ പശ്ചാത്തപിച്ച്, അതു തിരുത്തി മുന്നോട്ടു പോകാന്‍ കഴിയണം. അതാണു ആത്യന്തിക വിജയത്തിലേയ്‌ക്കുള്ള വഴി. സുഖവും ശാന്തിയും അതിലൂടെയേ ലഭിക്കൂ. ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് കുറച്ചുനേരം ഏകാന്തമായിരുന്ന് അന്നു ചെയ്ത എല്ലാ പ്രവൃത്തികളെയും ചിന്തകളെയും മനസ്സില്‍ അവലോകനം ചെയ്യണം. ആരോടെങ്കിലും എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതോര്‍ത്തു പശ്ചാത്തപിക്കണം. ഇനി അത്തരം തെറ്റു ചെയ്യാതിരിക്കാന്‍ ദൃഢനിശ്ചയമെടുക്കണം. നന്മയുടെ പാതയില്‍ മുന്നേറാന്‍ അതു ശക്തിയേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: