കോട്ടയം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ എന്‍ഡിഎ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ബിജെപിയ്‌ക്കും എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികള്‍ക്കും കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയതി വന്നതിന് ശേഷം പാലായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
എന്‍ഡിഎ യോഗത്തിലെ ചര്‍ച്ചക്ക് ശേഷമാകും ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ മത്സരിക്കുമെന്നത് തീരുമാനിക്കുക. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ ദേശീയ നേതൃത്വമാകും പ്രഖ്യാപിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി സംസ്ഥാന നേതൃത്വം പൂര്‍ണ്ണ സജ്ജമാണെന്നും തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിയതാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
കോന്നി, എറണാകുളം, അരൂര്‍, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്‌ച്ച പുറത്തിറങ്ങും. ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന് നടക്കും. പാലായിലെ ഉപതെരെഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 23 നാണ് പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്‌ട്ര, ഹരിയാന എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലാണ് കേരളത്തിലെ അടക്കം 64 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. ഒക്ടോബര്‍ നാലുമുതല്‍ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്. നവംബര്‍ രണ്ടിനാണ് ഹരിയാന നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്‌ട്രയുടേത് നവംബര്‍ ഒമ്പതിനും. ഹരിയാനയില്‍ 1.82 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്‌ട്രയില്‍ 8.9 കോടി വോട്ടര്‍മാരുണ്ട്.
















