തൃശൂര്‍ : വ്യജ രേഖ ചമച്ച് ഭൂവുടമ അറിയാതെ സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവിന്റെ വായ്‌പാ തട്ടിപ്പ്. ബന്ധുവായ വിജയലക്ഷ്മിയുടെ പേരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ തൃശൂര്‍ ചൂലിശേരി സ്വദേശി ടി.കെ.സുരേഷാണ് വ്യാജ രേഖയുണ്ടാക്കി വായ്‌പ്പാ തട്ടിപ്പ് നടത്തിയത്.
ഇവരുടെ 36 സെന്റ് ഭൂമിയുടെ ആധാരത്തിന്റെ പകര്‍പ്പും വ്യാജ ഒപ്പുമിട്ട് ഇയാള്‍ വാഹന വായ്‌പ്പയെടുക്കുകയായിരുന്നു. വായ്‌പയുടെ തിരിച്ചടവ് മുടങ്ങി ഭൂമിയുടെ മേല്‍ ബാധ്യത വന്നതോടെയാണ് ഭൂഉടമ വിവരം അറിയുന്നത്. വിധവയാണ് വിജയലക്ഷ്മി. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പതിനഞ്ചു വര്‍ഷം മുമ്പ് മറ്റൊരു വായ്‌പയെടുക്കാന്‍ നല്‍കിയ ആധാരത്തിന്റെ പകര്‍പ്പും നികുതി രസീതുമാണ് വാഹന വായ്‌പ്പയ്‌ക്കായി വീണ്ടും ഉപയോഗിച്ചത്. വാഹന വായ്‌പ്പയുടെ വിവരം വിജയലക്ഷ്മിയെ അറിയിച്ചതുമില്ല. വായ്‌പ്പാ അടവ് മുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ജാമ്യമില്ലാ കുറ്റം ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് കേസ്.അതേസമയം സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നിയമപരമായ നടപടി സ്വീകരിച്ചോളാന്‍ അറിയിച്ച്് കൈയൊഴിയുകയായിരുന്നു.
















