കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മാണം ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി. പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച് ഇ. ശ്രീധരനും ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരുമായി പ്രാഥമിക ചര്‍ച്ച കോഴിക്കോട്ട് നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആകുമെന്നും കമ്പനി അറിയിച്ചു.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഉടനടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ ധാരണയായത്.
പുതുക്കിപണിയുന്ന പാലത്തിന്റ രൂപരേഖ ഡിഎംആര്‍സി തയ്യാറാക്കി കഴിഞ്ഞു. സര്‍ക്കാരുമായി ഉടന്‍ കരാറില്‍ ഒപ്പുവെച്ചാല്‍ ഒക്ടോബര്‍ ആദ്യ വാരം നിര്‍മാണം തുടങ്ങാനാണ് സൊസൈറ്റിയുടെ പദ്ധതി.
18 കോടി 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പ്രവൃത്തി സംബന്ധിച്ച് ഡിഎംആര്സിയുും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി വ്യാഴാഴ്ച്ച കൊച്ചിയില്‍ പ്രത്യേക യോഗം ചേരും.
















