രാം ജഠ്മലാനിയുടെ വേര്‍പാട് നിയമവകുപ്പിന് ഒരിക്കലും നികത്താനാവാത്ത വിടവ്. ഒരുപാട് സവിശേഷതകളുടെ ഉടമയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ സിന്ധില്‍ ജനിച്ചുവളര്‍ന്ന് പ്രതികൂലസാഹചര്യങ്ങളില്‍ 17 വയസ്സില്‍ നിയമപഠനം പൂര്‍ത്തിയാക്കി. പിന്നീട് രാജ്യവിഭജനത്തിന് ശേഷം മുംബൈയിലേക്ക് കുടിയേറി പാര്‍ക്കേണ്ടിവന്നു. പക്ഷേ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നില്ല. അഭിഭാഷകരംഗത്ത് വന്‍വിജയം അദ്ദേഹത്തിന് കൈവരിക്കാനായി. പല പ്രമുഖ സാമ്പത്തിക കുറ്റവാളികള്‍ക്കുംവേണ്ടി മുംബൈ കോടതിയില്‍ ഹാജരായിട്ടാണ് പ്രശസ്ത ക്രിമിനല്‍വക്കീല്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. ആ സമയത്തുതന്നെ വന്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെന്ന പ്രത്യേകത അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു.
സ്വതന്ത്രചിന്താഗതി എല്ലാകാലത്തും വെച്ചുപുലര്‍ത്തുന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയേണ്ട കാര്യമായിരുന്നു. കോടതികളെപ്പോലും വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നില്ല. ബാര്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ആയിരിക്കെയാണ് അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ത്തുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗം നടത്തിയത്. അതിനെതുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ നോട്ടപ്പുള്ളിയായി അറസ്റ്റ് വാറണ്ട് നേരിടേണ്ടിവന്നു. സമര്‍ത്ഥമായ രീതിയില്‍ അതിനെ നേരിട്ട് വിദേശത്തേക്ക്കടന്നു. പിന്നീട് അടിയന്തരാവസ്ഥയുടെ നിര്‍മാതാവ് എന്ന് അദ്ദേഹം വിശേഷിപ്പിച്ച എച്ച്.ആര്‍. ഗോഖലയെ മുംബൈ നഗരത്തിലെ ഒരു പാര്‍ലമെന്ററി സീറ്റില്‍ വലിയ രീതിയില്‍ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തി. സഞ്ജയ് ഗാന്ധിയെ പരാജയപ്പെടുത്തിയ രവീന്ദ്രപ്രസാദ് സിങ് ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ രാജ് നാരായണനോടൊപ്പം ലോക്‌സഭയിലെ മറ്റൊരു പ്രോജ്വലന സ്ഥാനമായിരുന്നു മലാനി. പിന്നീട് വാജ്‌പേയി മന്ത്രിസഭയില്‍ നിയമ മന്ത്രിയായി. ആ സമയം ബിജെപിയുമായി അടുക്കുകയും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ പിന്നീട് സ്വതഃസിദ്ധമായ സ്വതന്ത്രചിന്ത പാര്‍ട്ടി അച്ചടക്കത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് അല്‍പ്പകാലത്തേക്ക് പാര്‍ട്ടിയോട് വിടപറഞ്ഞു. രാഷ്‌ട്രീയത്തില്‍ എന്നും സ്വന്തമായ വിഭിന്നാഭിപ്രായം സധൈര്യം പ്രകടിപ്പിച്ചിരുന്ന ഉന്നത വ്യക്തിത്വമായിരുന്നു മലാനിയുടേത്. കോടതികളിലും അദ്ദേഹത്തിന്റെ പെരുമാറ്റം നിര്‍ഭയമായ രീതിയിലായിരുന്നു.
സമ്പന്നതയുടെ മേളപ്പകിട്ടിലും പഞ്ചനക്ഷത്ര ജീവിതശൈലിയിലും അഭിഭാഷക സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ അദ്ദേഹം വിസ്മരിച്ചിരുന്നില്ല. രാജ്യത്തെ എല്ലാ അഭിഭാഷക അസോസിയേഷനുകള്‍ക്കും ഉദാരമായ സംഭാവന നല്‍കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. വ്യക്തിപരമായി നല്ല വസ്ത്രങ്ങള്‍, നല്ല ഭക്ഷണം എന്നിവയ്‌ക്ക് മുന്‍തൂക്കം കൊടുത്തിരുന്ന ആളാണെങ്കിലും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ എപ്പോഴും മുന്‍പന്തിയിലായിരുന്നു അദ്ദേഹം. നിയമമന്ത്രി എന്ന നിലയ്‌ക്ക് ആ വകുപ്പിനെ തന്നെ കാര്യക്ഷമമാക്കാന്‍ കാര്യമായ സംഭാവനകള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ മരണംകൊണ്ട് നഷ്ടമാകുന്നത് അഭിഭാഷക സമൂഹത്തിന് മാത്രമല്ല രാജ്യത്തിന്റെ വിവിധ ജനസമൂഹത്തിനുമാണ്. ഇതുപോലത്തെ ഔന്നത്യമുള്ള വ്യക്തിത്വം ഇനിയും ഉണ്ടാകാന്‍ വളരെ പ്രയാസമാണ്. താന്‍ കൈവച്ച എല്ലാ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് വിജയത്തിന്റെ സോപാനങ്ങള്‍ ചവുട്ടിക്കയറിയ മലാനിയെ അഭിഭാഷക സമൂഹം എന്നെന്നും നന്ദിയോടുകൂടി ഓര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: