ന്യൂദല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ തുടങ്ങിയ പ്രകോപനം തുടരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി റാംനാഥ് കോവിന്ദിന്റെ വിമാനത്തിന് തങ്ങളുടെ വ്യോമപാതയില്‍ പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചു. രാഷ്‌ട്രപതിയുടെ യാത്രയ്‌ക്കു വ്യോമപാത ആവശ്യപ്പെട്ട് ഇന്ത്യ അനുവാദം തേടിയെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള രാഷ്‌ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയിട്ടുണ്ട്. ഐസ്ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ചയാണ് രാഷ്‌ട്രപതി പുറപ്പെടുന്നത്. ഇതിനു മുന്നോടിയായി ആണ് ഇന്ത്യ വ്യോമപാത ആവശ്യപ്പെട്ടത്.
ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് അടച്ച പാക്ക് വ്യോമപാത കഴിഞ്ഞ മാസമാണു വീണ്ടും പൂര്‍ണനിലയില്‍ തുറന്നത്. വ്യോമപാത അടച്ചത് വിമാനക്കമ്പനികള്‍ക്കും പാക്കിസ്ഥാനും അന്നു കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനു പിന്നാലെ പ്രതിഷേധമെന്നോണം പാക്കിസ്ഥാന്‍ ഓഗസ്റ്റ് എട്ടിന് അവരുടെ വ്യോമപാതകളിലൊന്ന് അടച്ചിരുന്നു.
ഒരു രാജ്യത്തിന്റെ രാഷ്‌ട്രപതിക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുകയെന്ന അസാധാരണമായ തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി ഖുറേഷി.
















