ന്യൂദല്‍ഹി: മുന്‍കൂര്‍ അനുമതി ഇല്ലാതെ വിദേശത്ത് ക്ലബ് ക്രിക്കറ്റ് കളിക്കാന്‍ പോയതിനു ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐ നോട്ടീസ് നല്‍കി. ബോര്‍ഡുമായുള്ള കരാര്‍ മാനദണ്ഡങ്ങള്‍ പ്രഥമദൃഷ്ട്യാ ലംഘിച്ചെന്നു നോട്ടീസില്‍ വ്യക്തമാക്കുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാംഗോ നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്‌സിനെതിരേയാണ് കാര്‍ത്തിക് കളിക്കാന്‍ ഇറങ്ങിയത്. ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റര്‍ ബ്രെന്‍ഡന്‍ മക്കെല്ലത്തിനൊപ്പം കാര്‍ത്തിക് ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഐപിഎല്ലില്‍ കാര്‍ത്തിക് കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ട്രിന്‍ബാംഗോ നൈറ്റ് റൈഡേഴ്‌സിന്റേയും ഉടമകള്‍ എന്നതും ശ്രദ്ധേയമാണ്. ബിസിസിഐ കരാര്‍ പ്രകാരം അനുമതി ഇല്ലാതെ മറ്റു ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നത് ഗുരുതര അച്ചടക്ക ലംഘനമാണ്. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ആണ് കാര്‍ത്തിക് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. എന്നാല്‍, മോശം ഫോമിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതരായ ടീമില്‍ കാര്‍ത്തിക്കിന് ഇടംലഭിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫില്‍ തമിഴ്‌നാട് ടീമിന്റെ ക്യാപ്റ്റനായി കാര്‍ത്തിക്കിനെ നിയമിക്കുകയും ചെയ്തിരുന്നു.
















