ന്യൂദല്‍ഹി : കേന്ദ്രഭരണപ്രദേശമാക്കിയതിനു പിന്നാലെ ജമ്മു കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുന്നു. വിദ്യാഭ്യാസത്തിനും, തൊഴിലിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 1,000 കോടി രൂപയുടെ മുതല്‍ മുടക്കിലുള്ള പദ്ധതിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക. വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രാലയ പ്രതിനിധികള്‍ ഇന്നലെ ജമ്മുവിലെത്തി. സംസ്ഥാന ഉന്നത വൃത്തങ്ങളുമായി ഇവര്‍ കൂടിക്കാഴ്‌ച്ച നടത്തി അഭിപ്രായംആരാഞ്ഞ ശേഷമാകും പദ്ധതി നടപ്പാക്കുക.
ഡെല്‍, ഇന്റെല്‍, ആമസോണ്‍ വെബ് സര്‍വീസസ് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കാനാണ് പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നത്. ഇതിലൂടെ രണ്ടു വര്‍ഷത്തിനകം ശ്രീനഗറിലും ലേയിലും പ്രത്യേക കേന്ദ്രങ്ങള്‍ വഴി 5,000 വിദ്യാര്‍ത്ഥികള്‍ക്ക് ഐടി രംഗത്തു പരിശീലനം നല്‍കും.
കൂടാതെ എഞ്ചിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്, ഐഐടി എന്നിവിടങ്ങളിലെ അവസാന വര്‍ഷ, മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു ശീതകാലത്ത് 3 മാസം ഇന്റേണ്‍ഷിപ് നല്‍കും. ഗേറ്റ് പരീക്ഷാ പരിശീലനം, ടൂറിസം, ടെലികോം, ഓട്ടമൊബീല്‍, ബാങ്കിങ്, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലും പരിശീലനം നല്‍കും.
















