ന്യൂദല്‍ഹി: ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച കേസില്‍ എഐഎസ്എഫ് നേതാവ് കനയ്യ കുമാറിന് പിന്തുണയുമായി ദല്‍ഹിയില്‍ അരവിന്ദ് കെജ് രിവാള്‍ നയിക്കുന്ന ആപ് സര്‍ക്കാര്‍. കേസില്‍ കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാന്‍ ആകില്ലെന്ന് ദല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജയിന്‍ വ്യക്തമാക്കി. വിഷയത്തില്‍ ദല്‍ഹി പോലീസ് നല്‍കിയ തെളിവുകള്‍ തള്ളിയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. കനയ്യകുമാറിനെ ദേശവിരുദ്ധ കേസില്‍ പെടുത്താന്‍ സാധിക്കില്ലെന്നു പോലീസ് നല്‍കിയ തെളിവുകള്‍ അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തരമന്ത്രി.
കലാപം ഉണ്ടാക്കാനോ രാജ്യത്തിനെതിരേ മുദ്രാവാക്യം വിളിച്ചതിനോ ഒരു തെളിവുമില്ല. കോളേജിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ വേര്‍തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു എന്നേയുള്ളൂ. ഭാരത് തേരേ തുക്‌ഡെ ഹോംഗെ എന്ന മുദ്രാവാദ്യം രാജ്യത്തിന് എതിരായിരുന്നില്ലെന്നും സത്യേന്ദറിന്റെ ന്യായീകരണം.
2016 ഫെബ്രുവരി ഒമ്പതിന് ഡല്‍ഹി ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയുടെ ഭാഗമായി ആയിരുന്നു ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കനയ്യകുമാര്‍ നേതൃത്വം നല്‍കിയത്.പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായിരുന്ന ഭീകരന്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസമായ ഫെബ്രുവരി ഒമ്പതിന് കാശ്മീരി വിദ്യാര്‍ത്ഥികളടക്കം പങ്കെടുത്ത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി ആരോപണമുയര്‍ന്നത്. 2016 ഫെബ്രുവരി ഒമ്പതിന്റെ സംഭവവുമായി ബന്ധപ്പെട്ട് കനയ്യ കുമാര്‍ അടക്കം 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ വയ്‌ക്കുകയും ചെയ്തു. ‘ടുക്ഡെ ടുക്ഡെ ഗാംഗ്’ എന്നാണ് ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാക്കളുടെ സംഘത്തെ അറിയപ്പെട്ടിരുന്നത്. ജെഎന്‍യുവിലെ പൊലീസ് നടപടികളുടെ സമയത്ത്, വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ലഷ്‌കര്‍ ഇ തയിബയുമായി ബന്ധമുണ്ട് എന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആരോപിച്ചിരുന്നു.
















