ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം പിടികൂടി. ലഫ്.ജനറല്‍ കെ.ജെ.എസ്.ധില്ലന്‍ കശ്മീരില്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭീകരരെ ഇറക്കി പാക്കിസ്ഥാന്‍ സകല തന്ത്രങ്ങളും പയറ്റി നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന്യം പിടികൂടിയ പാക്ക് പൗരന്മാര്‍ തങ്ങള്‍ ലഷ്‌കര്‍ ഇ തെയ്ബ അംഗങ്ങളാണെന്ന് സമ്മതിക്കുന്ന വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.
ഓഗസ്റ്റ് അഞ്ചിനുശേഷം കശ്മീര്‍ താഴ്വരയുടെ സമാധാനവും ഐക്യവും തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ എല്ലാ ലോഞ്ച് പാഡുകളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാക്ക് സൈന്യത്തിന്റെ സഹായം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നും ധില്ലന്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 21 നാണ് ലഷ്‌കര്‍ ഭീകരര്‍ കശ്മീരില്‍ നിന്ന് സൈന്യത്തിന്റെ പിടിയിലായത്. പൂഞ്ചിലും രജൗരി മേഖലയിലും നുഴഞ്ഞുകയറ്റശ്രമങ്ങള്‍ നടന്നതായും അദ്ദേഹം പറഞ്ഞു.
















