ആലപ്പുഴയില്‍ ഞാന്‍ പ്രചാരകനായിരിക്കെ, ചാത്തനാട് ശാഖയില്‍വെച്ചാണ് ആദ്യം ഗോപന് എന്ന സ്വയംസേവകനെ കാണുന്നത്. പില്ക്കാലത്ത് വൈക്കം ഗോപകുമാറായ ഗോപനില്‍ മറ്റു സ്വയംസേവകരില്‍നിന്ന് വ്യത്യസ്തമായ പ്രത്യേകതകള്‍ ശ്രദ്ധിച്ചിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു അന്ന്. ചുറുചുറുക്ക്, എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍, മുന്‍കൈയെടുക്കല്‍. ശാഖകഴിഞ്ഞുള്ള വര്‍ത്തമാനങ്ങളിലും ചര്‍ച്ചകളിലും മനോഹരമായി സംസാരിച്ചിരുന്നു, ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു.
ഗോപന് ശാഖയിലെത്തിയപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പില്ലായിരുന്നു. അച്ഛനും അമ്മയും ചേട്ടനും അടിയുറച്ച സംഘ ആദര്‍ശക്കാരായി. അങ്ങനെ ആദര്‍ശനിഷ്ഠമായ സംഘ കുടുംബമായിരുന്നു ഗോപന്റേത്. സിദ്ധാന്തപരമായിത്തന്നെ സംഘത്തെ അറിഞ്ഞ്, മനസിലാക്കി, ഉള്‍ക്കൊണ്ടു. അങ്ങനെ ഗോപന് സംഘത്തിന്റെ പ്രചാരകനായി, പൂര്‍ണസമയ പ്രവര്‍ത്തനത്തിനിറങ്ങി.
ഏറെ യുവാക്കളെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു. ആര്‍ക്കും പ്രേരണയാകുമായിരുന്നു ഗോപന്റെ പ്രവര്‍ത്തനങ്ങള്‍. ആവേശം ഉണ്ടാക്കുന്ന പ്രസംഗങ്ങളും പ്രവൃത്തികളും. ആലപ്പുഴയുടെ രാഷ്ട്രീയ പശ്ചാത്തലവുംകൂടിക്കൊണ്ടായിരിക്കണം, കമ്യൂണിസത്തെ തത്ത്വത്തിലും പ്രയോഗത്തിലും കര്‍ക്കശമായി വിമര്‍ശിക്കാന്‍ ശ്രദ്ധകാട്ടിയിരുന്നു. കമ്യൂണിസം അപ്രായോഗിക സിദ്ധാന്തമാണെന്നും അടിസ്ഥാനപരമായി മനുഷ്യവിരുദ്ധമാണെന്നും സ്ഥാപിക്കുമായിരുന്നു. പ്രായത്തിലേറെ പക്വതയും തന്റേടവും കാണിച്ചിരുന്ന ഗോപന് സംഘടനയിലും പുറത്തും അങ്ങനെ ശ്രദ്ധേയനായി.
അങ്ങനെയിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംഘടനാ പ്രവര്‍ത്തനം ഒളിവിലിരുന്നായി. ആലപ്പുഴയില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായിമാറി. സംഘടനാ കാര്യങ്ങള്‍ ചോര്‍ത്താനും സംസ്ഥാന നേതാക്കളെ പിടിക്കാനും ഗോപനെ പിടിച്ചാല്‍മതിയെന്ന് അവര്‍ ധരിച്ചു.
അങ്ങനെ ഗോപനെ പോലീസ് അറസ്റ്റ് ചെയ്തു. അതിഭീകരമായി മര്‍ദിച്ചു. അതേക്കുറിച്ച് പലരും പലവട്ടം പറഞ്ഞിട്ടുള്ളതിനാല്‍ വിശദീകരിക്കുന്നില്ല. ഏറ്റവും മര്‍ദനമേറ്റ പ്രവര്‍ത്തകനാണ്. സംഘടനയുടെ ഇന്നയിന്ന നേതാക്കള്‍ എവിടെ, കുരുക്ഷേത്രം അച്ചടിക്കുന്നതെവിടെ തുടങ്ങിയ വിവരങ്ങളായിരുന്നു പോലീസിന് അറിയേണ്ടിയിരുന്നത്. പക്ഷേ, മര്‍ദനത്തില്‍ ജീവന് പോയേക്കുമെന്നു വന്നപ്പോഴും ഒരു സംഘടനാ കാര്യങ്ങളും വെളിപ്പെടുത്തിയില്ല.
പിന്നീട് ചികിത്സകള്‍ പലത് നടത്തിയെങ്കിലും അന്ന് ശരീരത്തിനുണ്ടായ കേടുകള്‍ മാറ്റാന്‍ പറ്റാത്തതായിരുന്നു. അതിനുശേഷവും എറണാകുളത്തും പെരുമ്പാവൂരിലും മറ്റും ഗോപന് സംഘ പ്രവര്‍ത്തനം നടത്തി. കുറേക്കഴിഞ്ഞ് പൂര്‍ണസമയ പ്രവര്‍ത്തനത്തില്‍നിന്ന് മടങ്ങിപ്പോയി, വിവാഹ ജീവിതം നയിച്ചു. ജീവിതവൃത്തിക്ക് അച്ചടിശാല തുടങ്ങി. പക്ഷേ, ഗോപന് അതിലൊന്നും ഒതുങ്ങി നില്ക്കാന് ആവുന്ന പ്രകൃതമായിരുന്നില്ല. ഇടയ്ക്ക് ബിജെപിയുടെ നേതൃനിരയിലെത്തി.
അങ്ങനെയിരിക്കെയാണ് അര്‍ബുദ രോഗം ബാധിച്ചതറിഞ്ഞത്. രോഗം അതിന്റെ ജോലി ചെയ്തു, ഗോപന് ഗോപന്റേയും. ഏറെ കഠിനമായി രോഗം വളര്‍ന്നു. പക്ഷേ, ഗോപന്റെ ആത്മവീര്യവും പ്രവര്‍ത്തന മനസും അതിലേറെ വളര്‍ന്നു. ആദര്‍ശവാദിയായ കാര്യകര്‍ത്താവായിരുന്നതിനാല്‍ ഒരു ഘട്ടത്തിലും സംഘ ആദര്‍ശത്തേയോ സംഘടനയേയോ തള്ളിപ്പറഞ്ഞില്ല, എതിരുനിന്നില്ല. ഏറെ സഹിച്ചു. ഇത്രത്തോളം സംഘബോധം നിര്‍ണായക ഘട്ടത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളവര്‍ ഏറെയില്ല.
അടുത്തകാലത്ത് രോഗം ഏറെ മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഞാന്‍ കാണാന്‍ പോയിരുന്നു. അപ്പോഴും സംഘകാര്യവും സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യ കാര്യങ്ങളും ഒക്കെയാണ് പറഞ്ഞത്. വേദനയുണ്ടായിരുന്നു. അത് വകവെക്കാതെ ഏറെനേരം പലതും സംസാരിച്ചു.
രോഗത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം, ‘അത് ഞാന്‍ അനുഭവിക്കേണ്ടത്, എനിക്ക് വിധിച്ചിട്ടുള്ളത്’, എന്ന തത്ത്വജ്ഞാന നിലപാടാണ് പറഞ്ഞത്. വിശ്വസിച്ച പ്രസ്ഥാനത്തെ, ആഴത്തിലറിഞ്ഞ്, ഗോപന് ഉള്‍ക്കൊണ്ടു. അതിന്റെ ലക്ഷ്യം സാധ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്തു. ഒരിക്കലും നിരാശനായില്ല. ദുരിതകാലത്തിലും സംഘടനയെ തള്ളിപ്പറഞ്ഞില്ല. ആദര്‍ശ നിഷ്ഠയോടെ മാതൃകയായി ജീവിച്ചു. ഗോപന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
(ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: