തിരുവനന്തപുരം : സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. ഇതുസംബന്ധിച്ചുള്ള ഫയല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി കഴിഞ്ഞു.
സര്‍വീസില്‍ തിരികെയെടുക്കുന്നത് സംബന്ധിച്ച് ജേക്കബ് തോമസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് കൂടി ശുപാര്‍ശ ചെയ്തതോടെ ഇനി മുഖ്യ മന്ത്രി പിണറായി വിജയനാണ തീരുമാനം എടുക്കേണ്ടത്. രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. അതിനുശേഷം ഡ്രഡ്ജര്‍ അഴിമതി, അനുവാദം ഇല്ലാതെ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു തുടങ്ങിയ കാരണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടി സസ്പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു.
കാലപരിധി നീണ്ടു പോയതോടെ വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം അ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
















