തിരുവനന്തപുരം: ചിങ്ങം പിറന്നതോടെ ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ്. കഴിഞ്ഞ ഓണം പ്രളയം കൊണ്ടുപോയതുകൊണ്ടാകണം ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിച്ചത്. നാടെങ്ങും ഓണാഘോഷം കെങ്കേമമാക്കാനുള്ള തയാറെടുപ്പുകളിലാണ്. കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ അണിയറ പ്രവര്‍ത്തനം തുടങ്ങി. ഓണത്തപ്പനെ വരവേല്‍ക്കാനുള്ള അത്തപ്പൂക്കളത്തിനും കലാകായിക മത്സരങ്ങള്‍ക്കും തയാറെടുപ്പുകളായി. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഓണചന്തകളും നടക്കുന്നുണ്ട്.
നഗര ഗ്രാമ വ്യത്യാസമില്ലാതെ ഓണാഘോഷങ്ങള്‍ക്ക് ചാരുതയേകാന്‍ വിപണിയും തയാറെടുത്തു കഴിഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓണമാഘോഷിക്കാന്‍ വിപുലമായ പദ്ധതികളാണ് തയാറാക്കുന്നത്. ഓണവിപണി വില പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയുടെ ഓണചന്തകളും തുടങ്ങിയിട്ടുണ്ട്. വന്‍കിട കച്ചവടസ്ഥാപനങ്ങള്‍ മുതല്‍ വഴിയോരകച്ചവടക്കാര്‍ വരെ ഓണം ആഘോഷിക്കാനെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
സ്ഥാപനങ്ങളില്‍ പുത്തന്‍ ഫാഷന്‍ തേടിയെത്തുന്ന പുതുതലമുറയെ വരവേല്‍ക്കാന്‍ ഏറ്റവും നൂതനമായ വസ്ത്രശേഖരവുമായി കാത്തിരിക്കുകയാണ് നഗരത്തിലെ വസ്ത്രവിപണി. വീട്ടുപകരണങ്ങളുടെ വില്‍പ്പനയിലും സ്വര്‍ണാഭരണശാലകളിലും സ്ഥിതി ഇതുതന്നെ. ഓണത്തിന് പരമാവധി കച്ചവടം നടത്തുക എന്നതാണ് സ്ഥാപനങ്ങളുടെ ലക്ഷ്യം.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വന്‍കിടകച്ചവടക്കാര്‍. ഓണത്തോടൊപ്പം കല്യാണങ്ങളും കൂടിയായപ്പോള്‍ പച്ചക്കറിക്കടകളിലും പലചരക്കു കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതോടൊപ്പം സാധനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ചോറും പരിപ്പും പര്‍പ്പടകവും ചേര്‍ത്ത് അവിയലും സാമ്പാറും അച്ചാറുകളും ഉപ്പേരിയും പായസവും ഉള്‍പ്പെടുന്ന സദ്യയില്‍ പുതിയ ഫാഷനും ട്രെന്ഡുമൊന്നുമില്ല. മുമ്പ് വീട്ടിലുണ്ടാക്കിയിരുന്നത് ഇപ്പോള്‍ ഓണ്‍ലൈനില്‍ എത്തുമെന്നുമാത്രം. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളാണ് ഇപ്പോഴും നമ്മുടെ ഓണസദ്യകളെ സമൃദ്ധമാക്കുന്നത്. അയല്‍സംസ്ഥാനത്തെ കര്‍ഷകരും കച്ചവടക്കാരുമാണ് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പൂക്കളും നല്കി നമ്മുടെ ഓണത്തിന് നിറംചാര്‍ത്തുന്നത്. ഓണത്തിരക്ക് നഗരത്തിലെ ഗതാഗതത്തെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: