പന്തളം: പ്രായാധിക്യവും അസുഖവും അവശതയിലാക്കിയ വൃദ്ധയായ ഭാര്‍ഗവിയമ്മ (83)യ്‌ക്കും മാനസികാസ്വാസ്ഥ്യമുള്ള മകള്‍ സുജക്കും താമസിക്കാന്‍ വീടൊരുക്കി ഇലവുംതിട്ട ജനമൈത്രി പോലീസ്. പണി പൂര്‍ത്തിയായ വീടിന്റെ ഗൃഹപ്രവേശം ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനൊപ്പം അവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും പോലീസ് ശ്രദ്ധാലുക്കളാണെന്ന് ജയദേവ് പറഞ്ഞു. ഇലവുംതിട്ട എസ്എച്ച്ഒ ചന്ദ്രബാബു അദ്ധ്യക്ഷനായി. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എ.പി. അനു, സബ് ഇന്‍സ്‌പെക്ടര്‍ ഗോപന്‍ ജി, എഎസ്‌ഐമാരായ അജികുമാര്‍, സുരേഷ് കുമാര്‍, ലിന്‍സണ്‍, മാത്യു, സി പി ഒ മാരായ ശ്രീജിത്ത്, അനിതകുമാരി, നിതീഷ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡംഗം അനൂ, സീനത്ത്, ജനമൈത്രി പോലീസുദ്യോഗസ്ഥരായ അന്‍വര്‍ഷ എസ്, പ്രശാന്ത്. ആര്‍, അനിത വി എന്നിവരെ ജില്ലാ പോലീസ് മേധാവി അനുമോദിച്ചു.
ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി വാര്‍ഡംഗം എ.പി. അനു ജനമൈത്രി പോലീസിലറിയിക്കുകയായിരുന്നു. എസ്എച്ച്ഒ ചന്ദ്രബാബു, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ അന്‍വര്‍ഷ എസ്, പ്രശാന്ത് ആര്‍, വനിത സി.പി.ഒ അനിത വി എന്നിവര്‍ ഓമല്ലൂര്‍ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എംഡി സീനത്തുമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും സാന്ത്വനത്തിലേക്ക് മാറ്റി. തുടര്‍ന്ന് പ്രവാസിയും പൊതു പ്രവര്‍ത്തകനുമായ റജിയുമായി ബന്ധപ്പെടുകയും വീട്പണി പൂര്‍ത്തീകരിക്കുകയുമായിരുന്നു.
















