ന്യൂദല്‍ഹി: ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണം നേടി മാനസി നയന ജോഷി. മൂന്ന് തവണ എസ്എല്‍3 ലോക ചാമ്പ്യന്‍ പരുള്‍ പര്‍മാറിനെ 21-12, 21-7 എന്ന സ്‌കോറിനാണ് ഈ മുപ്പത്കാരി പരാജയപ്പെടുത്തിയത്.2011 ല്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ മാനസി ജോഷിക്ക് ഇടതു കാല്‍ നഷ്ടപ്പെടുകയും കൈകള്‍ ഒടിയുകയും ചെയ്തതിരുന്നു. ഇതേ തുടര്‍ന്നാണ് മാനസി 2015 മുതല്‍ പാരാ ബാഡ്മിന്റണ്‍ കളിക്കാന്‍ തുടങ്ങിയത്.

താന്‍ വളരെ കഠിനമായി പരിശീലിപ്പിച്ചിട്ടുണ്ട്. ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ ധാരാളം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും സ്വര്‍ണം നേടിയത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയോട് സംസാരിച്ച മാനസി പറഞ്ഞു.നാലുമാസത്തോളം കൃത്രിമകാലില്‍ നടന്നു കൊണ്ടിരുന്ന മാനസി 2012 ല്‍ ഇന്റര്‍ കമ്പനി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും സ്വര്‍ണം നേടുകയും ചെയ്തു. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ മാനസി ബാഡ്മിന്റണ്‍ കളിക്കുന്നത് തുടര്‍ന്നു. സ്‌കൂബ ഡൈവിംഗിലും മാനസി പരിശീലനം നേടിയിട്ടുണ്ട്.2014 ല്‍ പാരാ ഏഷ്യന്‍ ഗെയിംസിനായി ശ്രമിച്ചു. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും മാനസി ജന ശ്രദ്ധ നേടി. അതിനുശേഷം വിവിധ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവും നാല് വെള്ളിയുമുള്‍പ്പെടെ 12 മെഡലുകളാണ് നേടിയത്.
















