ഗുരുവായൂര്‍: കുടുംബയോഗങ്ങളില്‍ ആളെക്കൂട്ടാന്‍ പുതിയ കണ്ടുപിടിത്തവുമായി സിപിഎം. സിനിമാതാരങ്ങളെ പങ്കെടുപ്പിച്ച് ജനങ്ങളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി ശ്രമം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സിനിമാതാരം നവ്യ നായരെ കുടുംബയോഗത്തില്‍ പങ്കെടുപ്പിച്ചാണ് തുടക്കം. പ്രസ്ഥാനവുമായി ബന്ധമില്ലാത്ത നടിയെ പ്രസംഗവിഷയം പറഞ്ഞ് പഠിപ്പിച്ചു. നടി ചില യാഥാര്‍ഥ്യങ്ങള്‍ സദസ്സിനു മുന്നില്‍ നിരത്തിയപ്പോള്‍ പ്രത്യക്ഷത്തില്‍ സിപിഎം വെട്ടിലായി.
ശബരിമല വിഷയത്തില്‍ പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ സിപിഎം നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങിയെങ്കിലും പരാജയപ്പെട്ടു. കുടുംബയോഗങ്ങള്‍ നടത്തി ബ്രെയിന്‍ വാഷ് ചെയ്യാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ശ്രമം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ സിനിമാതാരം നവ്യ നായര്‍ക്ക് വിവിഐപി ദര്‍ശനസൗകര്യമൊരുക്കിയത് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഒരു ഭരണസമിതിഅംഗവും, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥനും ചേര്‍ന്നാണ്. ഇത് സിപിഎം തൈക്കാട് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ മുഖ്യാതിഥിയാകാന്‍ നവ്യയെ നിര്‍ബന്ധിതയാക്കി.
ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സിപിഎം നടത്തിയ ശ്രമം വേണ്ടപോലെ ഫലം ചെയ്തില്ല. സദസ്സിനെ കീഴടക്കാനും, പങ്കെടുത്തവരെ ആവേശഭരിതരാക്കാനും വാചകങ്ങള്‍ നടിയെ പറഞ്ഞു പഠിപ്പിച്ചു. നന്മയ്‌ക്കും സമത്വത്തിനും വേണ്ടിയും, കഷ്ടപ്പെടുന്നവന്റെ വേദനയൊപ്പാനും പ്രവര്‍ത്തിച്ച കാലം, ചിലപ്പോള്‍ മാത്രമല്ല എപ്പോഴുമുണ്ടാവണം. ചില വിഷമങ്ങള്‍ ഉണ്ടാവാറുണ്ടെന്നും, അതൊരിക്കലും ഉണ്ടാവരുതെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ശബരിമലയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചാണ് നടി പ്രസംഗം നിര്‍ത്തിയത്.
















