ന്യൂദല്‍ഹി : പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് കടലിനടിയിലൂടെ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്. നാവിക സേന ഏത് വിധത്തിലുള്ള ആക്രമണത്തിനും പൂര്‍ണ്ണമായും സജ്ജമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്.
ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതായി ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കടല്‍വഴിയുള്ള എന്തുതരത്തിലുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജമാണെന്നും അതാത് മേഖലകളിലെ കോസ്റ്റല്‍ സുരക്ഷാ വിഭാഗങ്ങള്‍ തങ്ങളുടെ പ്രദേശങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പുനെയില്‍ നടന്ന ജനറല്‍ ബി.സി. ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവി ഇക്കാര്യം അറിയിച്ചത്. മുങ്ങല്‍ വിദഗ്ധരായ ജെയ്‌ഷെ ചാവേറുകള്‍ കടലിന് അടിയിലൂടെ ഭീകരാക്രമണം നടത്താന്‍ പരിശീലനം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഭീകരവാദത്തിന്റെ പുതിയ മുഖം എന്ന നിലയിലാണ് ജെയ്‌ഷെ ഇത് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തിന് ശേഷം തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന എന്നിവര്‍ തീര പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അതേസമയം ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചുവരുന്നത് നാവികസേന നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറല്‍ അറിയിച്ചു.
















