ഭുവനേശ്വര്‍: ഹിമാന്‍ഷു കുമാര്‍ ലാല്‍, വയസ് 45, ഒഡീഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍. സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത് ഒഡീഷ സിംഹമെന്നാണ്. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇതുവരെ ഇന്ത്യന്‍ പതാക ഉയരാത്ത മാല്‍ക്കന്‍ഗിരിയില്‍ സധൈര്യം ത്രിവര്‍ണ പതാക ഉയര്‍ത്തി ഈ പോലീസ് ഉദ്യോഗസ്ഥന്‍. ഒഡീഷയിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാവോയിസ്റ്റ് കോട്ടയായാണു മാല്‍ക്കന്‍ ഗിരി അറിയപ്പെടുന്നത്. ആര്‍കെ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവാണ് ഇവിടം ഭരിക്കുന്നത്. കഴിഞ്ഞ ആറ് ദശകമായി പ്രദേശത്തെ 150 ഗ്രാമങ്ങള്‍ മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലാണ്. ഇവിടെയാണു ഹിമാന്‍ഷു സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പതാക പാറിച്ചത്. ഇതോടെ ഹിമാന്‍ഷുവിനു നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍.
മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ഇതുവരെ ഇവിടെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയിരുന്നില്ല. രാജ്യത്തിന്റെ പതാക ഉയര്‍ന്നതില്‍ സന്തോഷം. മാവോയിസ്റ്റ് ഭീഷണി ഈ പൊലീസ് ഓഫിസര്‍ ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 2003 ഒഡിഷ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹിമാന്‍ഷു. എംബിഎ ബിരുദ ധാരിയും ഷാര്‍പ് ഷൂട്ടറുമാണ്. കോര്‍പറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഐപിഎസ് തെരഞ്ഞെടുത്തത്. 2005 മുതല്‍ 2006വരെ മാല്‍ക്കന്‍ഗിരിയിലെ എസ്പിയായിരുന്നു. നക്‌സല്‍ വിരുദ്ധ പോരാട്ടത്തിന് പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്. നാല് മാസം മുമ്പാണ് ഹിമാന്‍ഷു സൗത്ത് വെസ്റ്റേണ്‍ റേഞ്ച് ഡിഐജിയായി ചുമതലയേല്‍ക്കുന്നത്. ജനജീവിതം മെച്ചപ്പെടുത്താന്‍ സാധ്യമായത് മാത്രമേ ചെയ്യുന്നതള്ളൂവെന്നും എല്ലാ ദിവസവും വെല്ലുവിളി നിറഞ്ഞതാണെന്നും 45കാരനായ ഹിമാന്‍ഷു കുമാര്‍ ലാല്‍ പറഞ്ഞു.
















