ന്യൂദല്‍ഹി: പാക്കിസ്ഥാന് മുന്‍മന്ത്രി റഹ്മാന് മാലിക്ക് കഴിഞ്ഞ ദിവസം ചെന്നുപെട്ടത് ഇന്ത്യക്കാരന്റെ ട്രോള്‍ ചതിയില്‍. @ബീയിങ് ഹ്യൂമര്‍ എന്ന വളരെ അധികം ഫോളോവേഴ്സുള്ള ട്വിറ്റര്‍ ഐഡിയാണ് പാക് മുന്മന്ത്രിയെ ശരിക്കും പറ്റിച്ചത്. കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേയും പ്രധാനമന്ത്രി മോദിക്കെതിരേയും നിലപാട് എടുത്ത പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തെന്നായിരുന്നു റഹ്മാന് മാലിക്കിന്റെ ട്വീറ്റ്. ഇതിനു മറുപടിയായാണു ബീയിങ് ഹ്യൂമര്‍ എന്ന ഐഡി താങ്കള്‍ പറഞ്ഞത് ശരിയാണെന്നും ഒപ്പം ഒരാളെ പോലീസ് വളഞ്ഞു വച്ചു ഒരു മുറിയില്‍ മര്‍ദിക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തത്. ഇതു കണ്ട് ആവേശത്തോടെ റഹ്മാന് മാലിക് കൂടുതല്‍ തെളിവ് തരാനും തന്നയാളുടെ വിവരങ്ങള്‍ താന്‍ രഹസ്യമായി സൂക്ഷിക്കാമെന്നും അറിയിച്ചത്.
സിബിഐ ഓഫിസില്‍ ചിദംബരത്തെ മര്‍ദിക്കുന്ന ദൃശ്യമാണെന്നും തന്റെ പേര് വെളിപ്പെടുത്തരുതെന്നും ബീയിങ് ഹ്യൂമര്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ റഹ്മാന് മാലിക് അതു സമ്മതിക്കുകയും ചെയ്തു. ചിദംബരത്തെ മര്‍ദിക്കുന്നതിന്റെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ തരാനും ചിദംബരത്തിന്റെ കുടുംബാംഗങ്ങളുടെ ആരുടെ എങ്കിലും വാട്സ്ആപ്പ് നമ്പര്‍ തരാനും റഹ്മാന് മാലിക് ആവശ്യപ്പെട്ടു. എന്നാല്‍, ആരുടേയും നമ്പര്‍ ഇല്ലെന്നും താങ്കള്‍ ഈ ചിത്രം പരസ്യമായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്താല്‍ നമ്പര്‍ ഉള്ളവര്‍ കൈമാറുമെന്നും ബീയിങ് ഹ്യൂമര്‍ മറുപടി നല്കി. ഒപ്പം, ഈ ചിത്രം പുറത്തുവന്നാല്‍ ചിദംബരത്തിനെതിരായ പോലീസ് അതിക്രമം നിയന്ത്രിക്കാന്‍ ആകുമെന്നും ബീയിങ് ഹ്യൂമര്‍. ഇതിനു മറുപടിയായി ആണ് ഈ ചിത്രം താന്‍ യുണൈറ്റഡ് നേഷന്‍സിനു അയച്ചു കൊടുക്കാമെന്നും റഹ്മാന് മാലിക്ക് അറിയിച്ചത്.
റഹ്മാന് മാലിക്കിനെ വിദഗ്ധമായി കബളിപ്പിച്ചതോടെ സംഭവം ബീയിങ് ഹ്യൂമര്‍ തന്നെ പുറത്തറിയിക്കുകായിരുന്നു. റഹ്മാന് മാലിക്ക് തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ടെന്നു അറിയിച്ചും. തുടര്‍ന്ന് യുണൈറ്റഡ് നേഷന്‍സിന്റെ ട്വിറ്ററിനെ കൂടി ടാഗ് ചെയ്ത ശേഷം, ചിദംബരത്തെ പോലീസ് മര്‍ദിക്കുന്നതെന്നു കാട്ടി പാക്കിസ്ഥാന് മുന്‍ മന്ത്രി റഹ്മാന് മാലിക്ക് ഒരു ചിത്രം അയച്ചാല്‍ ഗൗരവമായി എടുക്കരുതെന്നും തനിക്കു പോലും അറിയാത്ത ഏതോ ഹിന്ദി ചിത്രത്തിലെ രംഗത്തിന്റെ ചിത്രമാണെന്നും ബീയിങ് ഹ്യൂമര്‍ വ്യക്തമാക്കിയത്.
ഇതോടെ പാക് മന്ത്രിയുടെ മണ്ടത്തരം ട്വിറ്ററില്‍ ആഘോഷമായി. റഹ്മാന് മാലിക്കിനെതിരേ ആരംഭിച്ച ട്രോള്‍ ഇപ്പോഴും ട്വിറ്ററില്‍ തുടരുകയാണ്.
















