തൃശൂര്‍: ശ്രീരാമകൃഷ്ണ മഠത്തിന്റേയും മിഷന്റേയും അന്താരാഷ്‌ട്ര ഉപാധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദജി മഹാരാജിന് പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തില്‍ പൗരസ്വീകരണം നല്‍കി. ബ്രഹ്മസ്വം മഠത്തിലെ വേദ പണ്ഡിതന്മാരും വിദ്യാര്‍ത്ഥികളും മംഗളസൂക്തം ചൊല്ലി പൂര്‍ണ്ണകുംഭം നല്‍കി അദ്ദേഹത്തെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. ഉപാധ്യക്ഷനായ ശേഷം ആദ്യമായാണ് സ്വാമി ഗൗതമാനന്ദജി മഹാരാജ് പുറനാട്ടുകര മഠത്തിലെത്തുന്നത്.
ശ്രീരാമകൃഷ്ണ മഠം ത്യാഗീശാനന്ദ ഹാളില്‍ നടന്ന പരിപാടിയില്‍ മഠം അധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ അധ്യക്ഷത വഹിച്ചു. പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ ആമുഖ പ്രഭാഷണം നടത്തി. ശിവഗിരി മഠം പ്രതിനിധി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ചിന്മയാ മിഷന്‍ അധ്യക്ഷന്‍ സ്വാമി ഗഭീരാനന്ദ, നാരായണാശ്രമം തപോവനം മഠാധിപതി സ്വാമി നിര്‍വ്വിശേഷാനന്ദ, മാര്‍ അപ്രേം മെത്രാപൊലീത്ത, സ്വാമി പൂര്‍ണ്ണാനന്ദ, ഇമാം ഡോ. മുഹമ്മദ് ഫൈസി ഓണമ്പള്ളി എന്നിവര്‍ സംസാരിച്ചു.
ലോകത്തിന് മുഴുവന്‍ ആധ്യാത്മിക വെളിച്ചം പകര്‍ന്ന ഗുരുവാണ് ശ്രീരാമകൃഷ്ണ പരമഹംസരെന്ന് സ്വാമി ഗൗതമാനന്ദജി മഹാരാജ് സ്വീകരണത്തിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു. ശാസ്ത്രവും സാങ്കേതിക വിദ്യകളും മനുഷ്യന് ചെറിയ രീതിയില്‍ സന്തോഷം നല്‍കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഈ സന്തോഷം ക്ഷണികമാണ്. ഏതാനും നിമിഷം കഴിഞ്ഞാല്‍ മറ്റൊരു വിഷയത്തില്‍ മനുഷ്യന്‍ ആകുലപ്പെടുന്നു. ആകുലതകള്‍ക്ക് ശാശ്വത പരിഹാരം എന്നത് സമാധാനത്തിലും സംതൃപ്തിയിലുമാണ് കുടികൊള്ളുന്നത്. നിരന്തരമായ സമാധാനവും സംതൃപ്തിയും ലഭിക്കുന്നത് ശരീരം വെറും ഭൗതിക വസ്തുവും താന്‍ ശരീരത്തിനുപരിയുള്ള മറ്റൊന്നാണ് എന്ന തിരിച്ചറിവിലൂടെയാണ്. ഈ തിരിച്ചറിവുണ്ടാക്കുന്നതാണ് ശ്രീരാമകൃഷ്ണന്റെ സന്ദേശവും പ്രവര്‍ത്തനങ്ങളും. ലോകം ഇന്ന് ശ്രീരാമകൃഷ്ണ സന്ദേശങ്ങള്‍ക്കും അവ നല്‍കുന്ന ആത്മീയ അനുഭൂതികള്‍ക്കും വേണ്ടി ദാഹിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
അനില്‍ അക്കര എംഎല്‍എ, കളക്ടര്‍ എസ്. ഷാനവാസ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ജയചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, പി.എ. ഷെഫീക് മുഹമ്മദ്, ഫാ. ഫ്രാന്‍സീസ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
















