ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ 15 പരുക്കുകള്‍ ഉണ്ടായിരുന്നെന്നും ശശി തരൂര്‍ ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഡല്‍ഹി പോലീസ് കോടതിയിയെ അറിയിച്ചു. ദാമ്പത്യ ബന്ധം വഷളായതിനെ തുടര്‍ന്ന് സുനന്ദ മാനസികമായി തളരുകയും ഇത്തരത്തില്‍ തരൂരിന്റെ പീഡനം അവരെ ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്നും പോലീസ്. പോസ്റ്റ്‌മോര്‍ട്ടം പ്രകാരം സുനന്ദ പുഷ്‌കറുടെ മരണത്തിന് കാരണം വിഷമാണ് .കൂടാതെ അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പരുക്കേറ്റ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൈത്തണ്ട, കാല് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതല്‍ പരിക്കുള്ളത്-പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനോട് അന്വേഷണ ഏജന്‍സി പറഞ്ഞു.
നിലവില്‍ ജാമ്യത്തിലിരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 498-എ (ഭര്‍ത്താവോ ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതയ്‌ക്ക് വിധേയമാക്കുന്നു), 306 (ആത്മഹത്യയ്‌ക്ക് പ്രേരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്.
പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകയായ മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധവും സുനന്ദയുടെ മാനസിക അസ്വസ്ഥത വര്‍ദ്ധിക്കാനുള്ള പ്രധാന കാരണമായെന്ന് ഡല്‍ഹി പോലീസിന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദം ഉന്നയിച്ചു. ദമ്പതികള്‍ തമ്മിലുള്ള ബന്ധം പിരിമുറുക്കം നിറഞ്ഞതും മോശവുമായിരുന്നെന്ന് സുനന്ദ പുഷ്‌കറുടെ സുഹൃത്തും പത്രപ്രവര്‍ത്തകയുമായ നളിനി സിംഗിന്റെ പ്രസ്താവനയെക്കുറിച്ചും”എന്റെ പ്രിയപ്പെട്ടവള്‍” എന്ന് അഭിസംബോധന ചെയ്ത് തരൂര്‍ മെഹര്‍ തരാറിന് എഴുതിയ ഇ-മെയിലിനെ കുറിച്ചും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തരൂരും തരാറും പരസ്പരം എത്രമാത്രം അടുപ്പത്തിലായിരുന്നുവെന്ന് കാണിക്കുന്ന വിവിധ കത്തുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തരൂരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ നിരസിച്ചു, അത്തരം ഒരു ഇ-മെയിലിനെക്കുറിച്ചും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വാദം കേള്‍ക്കുന്നതിനായി കേസ് ഓഗസ്റ്റ് 31 ലേക്ക് മാറ്റി
















