തിരുവനന്തപുരം : വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 19കാരിയെ ഡിവൈഎഫ്‌ഐ നേതാക്കള്‍ ആംബുലന്‍സില്‍ തട്ടിക്കൊണ്ടുപോയി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെയാണ് നേതാക്കള്‍ ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റിയുടെ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. മുട്ടത്തറ പനമൂട് ക്ഷേത്രത്തിനു സമീപം സജീന മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (29),മുട്ടത്തറ പൊന്നറ സെവന്‍ന്ത് ഡേ സ്‌കൂളിനു സമീപം ടിസി 421021 പുതുവല്‍ പുത്തന്‍ വീട്ടില്‍ നന്ദുലാല്‍ (24) എന്നിവരാണു പിടിയിലായത്.
ഈ മാസം 17ന് ഉച്ചയ്‌ക്കു 2ന് വീട്ടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ നന്ദുലാലിന്റെ സഹായത്തോടെ ഷാഹുല്‍ ഹമീദ് വാഹനത്തില്‍ പിടിച്ചു കയറ്റി കൊണ്ടു പോകുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഹുല്‍ നിരന്തരം മകളെ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയപരാതിയില്‍ പറയുന്നുണ്ട്.
ഷാഹുലിന്റെ വിവാഹ അഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണു തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയത്. എന്നാല്‍ ഷാഹുലിന്റെ വീട്ടുകാര്‍ എതിര്‍ത്തതോടെ ആംബുലന്‍സ് യാത്ര വെമ്പായത്തു വച്ച് അവസാനിപ്പിച്ച് പെണ്‍കുട്ടിയുമായി ബസില്‍ തിരികെ മടങ്ങി. തമ്പാനൂരില്‍ നിന്നു പെണ്‍കുട്ടിയെ ബസില്‍ കയറ്റി വീട്ടിലേക്ക് പറഞ്ഞയച്ചു.
ഇതിനിടെ കാണാതായ പെണ്‍കുട്ടിയെ തിരക്കി ഫോര്‍ട്ട് പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.ആദ്യം പെണ്‍കുട്ടിയെ കണ്ടെത്തി. പിന്നാലെ ഷാഹുലിനേയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിവൈഎഫ്‌ഐ പെരുന്താന്നി ലോക്കല്‍ കമ്മിറ്റിയുടെ ആംബുലന്‍സിലാണു പെണ്‍കുട്ടിയെ കടത്തിയത്. നേരത്തെ ഈ വണ്ടി ഷാഹുലായിരുന്നു ഓടിച്ചിരുന്നത്.
















