തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിനോട് സ്ത്രീ സമൂഹത്തിന് എതിര്‍പ്പുണ്ടായിരുന്നുവെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തലിലാണ് ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നെന്ന് പ്രതിപാദിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ ഗൃഹസന്ദര്‍ശന വേളയില്‍ സ്ത്രീ സമൂഹം ഇതു പ്രകടിപ്പിച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ കോടതിവിധിക്കെതിരെ പന്തളത്തും മറ്റും പ്രകടനങ്ങള്‍ തുടങ്ങിയപ്പോള്‍ സമൂഹത്തിന്റെ വികാരം മനസ്സിലാക്കി പ്രതിരോധ നടപടികളെടുക്കാന്‍ കഴിഞ്ഞില്ലെന്നും സിപിഎം സ്വയം വിമര്‍ശിക്കുന്നുണ്ട്.
അതേസമയം സ്ത്രീകളുടെ വിയോജിപ്പിനെ ഇല്ലാതാക്കി പാര്‍ട്ടിക്ക് അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടി സഖാക്കള്‍ക്ക് ആയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സെക്രട്ടേറിയേറ്റ് യോഗം ഇന്ന് സമാപിക്കാനിരിക്കേയാണ് പാര്‍ട്ടി വിലയിരുത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം നാളെ തുടങ്ങും.
















