ആഗോള താപനം മൂലം ലോക രാജ്യങ്ങള്‍ മൊത്തം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനവും അതിന്റെ പാര്‍ശ്വ ഫലങ്ങളും. കേരളത്തില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ മഹാപ്രളയത്തെക്കുറിച്ചു പരസ്പരം കുറ്റപ്പെടുത്തി നാം പോരാടിച്ചെങ്കിലും ദുരന്തത്തിന്റെ കാരണം കണ്ടെത്തി കൃത്യമായ പരിഹാരത്തിന് ആരും ശ്രമിച്ചില്ല. ഈ മഴക്കാല ദുരന്തനാളുകളിലും അതു തന്നെ നടക്കും. പിന്നെ, പ്രകൃതിയേ കീറിമുറിക്കുന്ന പണി പലരൂപത്തില്‍ തുടരും. കണ്ണുതുറപ്പിക്കാന്‍ അടുത്ത ദുരന്തം വീണ്ടും വരണം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പലതരത്തിലുള്ള സൂചനകളില്‍ ഒന്നുമാത്രമാണ് നിമിഷ പ്രളയം. അത്രമേല്‍ കൂടുതലാണ് മനുഷ്യര്‍ വഴിയുള്ള കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളലും അന്തരീക്ഷ മലിനീകരണവും. ഭൂമിക്ക് ദോഷമായ ഹരിതഗ്രഹവാതകങ്ങള്‍ പ്രതിവര്‍ഷം 3000-4000 കോടി ടണ്‍ എന്ന നിരക്കിലാണ് മനുഷ്യര്‍ പുറന്തള്ളുന്നത്. ആഡംബര ജീവിതത്തിനു നാം ഉപയോഗിക്കുന്ന വാഹനങ്ങളും എ സി, ഫ്രിഡ്ജ് തുടങ്ങിയ ശീതീകരണികളും അടക്കമുള്ളവ ഈ വിഷം പ്രകൃതിക്കു സമ്മാനിക്കും. നമുക്കുംകൂടി വേണ്ടി അവയെ പ്രതിരോധിക്കുന്ന മരങ്ങളെയാണു നമ്മള് മുറിച്ചു തള്ളുന്നത്.
കേരളത്തിലെ മരങ്ങളുടെ ആധിക്യമാണ് ഇതിനെ പ്രതിരോധിക്കാന്‍ ഇതുവരെ നിന്നിരുന്നത്. മരങ്ങള്‍ കുറഞ്ഞതോടെ ഇത് കാര്യമായി ബാധിച്ച് തുടങ്ങി. ഈ നൂറ്റാണ്ടിലെ ആദ്യ ദുരന്തം കേരളത്തെ തേടി എത്തുന്നത് 2004 ഡിസംബര്‍ 26ന് സുനാമിയുടെ രൂപത്തിലായിരുന്നു. പിന്നാലെ നിരവധി തവണ ചുഴലിക്കാറ്റുകളെയും ന്യൂനമര്‍ദത്തേയും തുടര്‍ന്ന് കടല്‍ കരകയറി. നിരവധി കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി.
2013ല്‍ ഉത്തരാഖണ്ഡിലും അടുത്തിടെ മുബൈയിലും ചെന്നൈയിലും എല്ലാം നാം കാലാവസ്ഥാ വ്യതിയാനവും പ്രളയവും കണ്ടു. 2017ലെ പ്രളയത്തില്‍ മുങ്ങിയ ചെന്നൈ പിന്നീട് അഭിമുഖീതരിക്കേണ്ടി വന്നത് കടുത്ത വേനലും കുടിവെള്ള ക്ഷാമവുമാണ്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായതോടെ ഇത് സംബന്ധിച്ച് ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന സംഘടന പഠനം നടത്തിയിരുന്നതായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും റിട്ട. പ്രൊഫസറുമായ ഡോ. സി.എം ജോയി പറയുന്നു. അഞ്ഞൂറോളം ശാസ്ത്രജ്ഞരാണ് അന്ന് കാര്‍ബണ്‍ ഡയോക്സൈഡിന്റെ അമിത ബഹിര്‍ഗമനവും അത് മൂലമുള്ള പ്രശ്നങ്ങളും സംബന്ധിച്ചു വിശദ പഠനം നടത്തിയത്. 2100 വരെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങള്‍ നാം നേരിടേണ്ടി വരുമെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഇതില്‍ ഒന്നാണ് അതിമഴ. ഇതിന്റെ ഭാഗമാണ് നിമിഷ പ്രളയമെന്നു ഡോ. ജോയി പറഞ്ഞു. രണ്ടാമത്തേതാണ് വരള്‍ച്ച. രണ്ട്-മൂന്ന് വര്‍ഷം വരെ മഴ ചിലപ്പോള്‍ ഗണ്യമായി കുറയാം. വലിയ വരള്‍ച്ച വരാം. കര്‍ണ്ണാടകയുടെ കിഴക്കന്‍ മേഖലയില്‍ ഇത്തരത്തില്‍ വേനല്‍ അനുഭവപ്പെട്ടിരുന്നു. കൂടാതെ കടലാക്രമണം, കാട്ടുതീ, കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം. നിലവില്‍ കാലവര്‍ഷം, ശൈത്യകാലം, വേനല്‍കാലം എല്ലാം കൃത്യതയില്ലാതെ മാറി മറിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അതേ ക്രമത്തിലല്ല ഈ വര്‍ഷം ആവര്‍ത്തിച്ചതെങ്കിലും ആഗസ്റ്റിലെ മഴയ്ക്ക് ഏറെ സമാനതകളുണ്ട്
കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ മഴ കൂടിയപ്പോള്‍ 2017ല്‍ മഴയെത്തിയത് ആഗസ്റ്റിലും സെപ്തംബറിലുമാണ്. ഈ വര്‍ഷം ഇടക്കിടക്ക് പെയ്ത മഴ ശക്തമായത് ആഗസ്റ്റിലാണ്. ഓരോ വര്‍ഷവും ചൂടിന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ വരുന്നു. മഴയ്ക്കിടെ വെയില് വരും. ചൂടും തണുപ്പും മാറി മറിയുന്നു. കൃത്യമായ സമയമോ നേരമോ ഇല്ലാത്ത അവസ്ഥയും ആയി. ഇത് കുട്ടികള്‍ക്ക് അടക്കം അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത്തരം മാറ്റങ്ങള്‍ സാക്രമിക രോഗങ്ങള്‍ക്കും വൈറല്‍ പനി പോലുള്ള അസുഖങ്ങള്‍ക്കും കാരണമാകും. നിപ്പ, ഡെങ്കിപ്പനി പോലുള്ളവ അടുത്ത കാലത്ത് മാത്രം കേരളത്തിലെത്തിയ മാരക രോഗങ്ങളില്‍പ്പെട്ടവയാണ്.
പ്രകൃതിയെ നശിപ്പിക്കുന്ന പാറമടകളുടെ പ്രവര്‍ത്തനവും മരം മുറിക്കലും ഇനിയങ്ങോട്ട് നിരോധിച്ചെങ്കില്‍ മാത്രമെ സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്താനാകൂ. ഒന്ന് മറ്റൊന്നുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇവിടെ നാശം ഉണ്ടായാല്‍ അവിടെയും അത് ബാധിക്കുമെന്ന തിരിച്ചറിവ് അനിവാര്യമാണ്. പണ്ട് മരം കിട്ടാതെ വന്നപ്പോള്‍ പുറത്ത് നിന്ന് മരം ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇതുപോലെ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണം. സര്‍ക്കാര്‍ ഉറക്കംവെടിഞ്ഞ് ഇതിന് വേണ്ട നടപടികള്‍ എടുക്കാത്ത പക്ഷം ഉറക്കത്തില്‍ ഒന്നുമറിയാതെ മരിക്കുന്നത് പോലുള്ള സംഭവങ്ങള്‍ തുടരുക തന്നെ ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: