ഇടുക്കി: രാജകുമാരിക്ക് സമീപം പെരിയകനാല്‍ മുട്ടുകാട് മലയില്‍ ഭൂമി വിണ്ട് കീറിയ സംഭവത്തില്‍ റോഡ് നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍. പീക്കാടിന് സമീപമാണ് വന്‍ മലയിട്ടിലിടിഞ്ഞ് താഴ്ന്നിരിക്കുന്നത്. ഈ മലമുകളിലൂടെയുള്ള വീതി കൂട്ടി റോഡ് നിര്‍മ്മാണം നടക്കുന്നത്. വലിയരീതിയിലുള്ള പാറഖനനം പ്രദേശത്ത് കാര്യമായി ബാധിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അപകട ഭീഷണിയെ തുടര്‍ന്ന് മലയടിവാരത്തുള്ള 71 കുടുംബങ്ങളെ ക്യാമ്പിലേയ്‌ക്ക് മാറ്റി.
രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷന്‍-പെരിയകനാല്‍ റോഡില്‍ പീക്കാടിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വലിയ ശബ്ദ്ദത്തോടെ ബൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നത്.
റോഡ് നിര്‍മ്മാണം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ പ്രളയകാലത്തും ഇവിടെ വലിയ രീതിയിലുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുകയും മുട്ടുകാട് പാടശേഖരത്തിലടക്കം മണ്ണും ചെളിയും നിറഞ്ഞിരുന്നു. ഇതിന് ശേഷം നാട്ടുകാരുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാകളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള വലിയ രീതിയിലുള്ള പാറഖനനത്തിന് അടക്കം നടപടി സ്വീകരിക്കണമെന്നും റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നതിന് വേണ്ടിയാണ് സിഎച്ച്ആര്‍ മേഖലയിലൂടെ മലമുകളില്‍ റോഡ് നിര്‍മ്മിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
മലയിടിച്ചില്‍ സാധ്യതയുടെ വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ മലയടിവാരത്തുള്ള മുട്ടുകാട് മേഖലയിലെ ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍ച്ചു. അന്യ സംസ്ഥാന തൊഴിലാളികളെയടക്കം വീടുകളിലെത്തി പഞ്ചായത്ത്, വില്ലേജ്, പൊലീസ് അദികൃതരുടെ നേതൃത്വത്തിലാണ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്.
മലമുകളില്‍ നിന്നും ഇനിയും ഉരുള്‍പൊട്ടലിനും, വന്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ വിഭാഗം നേരിട്ടെത്തി സന്ദര്‍ശനം നടത്തിയതിന് ശേഷം റവന്യൂ വകുപ്പിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
ഇതേ റോഡിന് സമാന്തരമായി തന്നെയാണ് ദേവികുളം ഗ്യാപ്പ് റോഡും കടന്ന് പോകുന്നത്. ഇവിടെയും പാറപൊട്ടിച്ചുള്ള നിര്‍മ്മാണം മൂലം മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
















