അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ ജനങ്ങള്‍ക്കൊപ്പം സമരം ചെയ്ത രണ്ട് പ്രവര്‍ത്തരെ സിപിഎം പുറത്താക്കി. തോട്ടപ്പള്ളി ഹാര്‍ബര്‍ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളായ എം.ആര്‍. ഓമനക്കുട്ടന്‍, സജി ജയമോഹന്‍ എന്നിവരെയാണ് അടിയന്തര ബ്രാഞ്ചുകമ്മിറ്റി കൂടി പുറത്താക്കിയത്. സമരത്തില്‍ പങ്കെടുത്ത മറ്റു രണ്ടുപ്രവര്‍ത്തകരായ ബിജു, ബാബു എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് പോലീസിന്റേയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റാന്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഓമനക്കുട്ടനും സജി ജയമോഹനും പങ്കെടുത്തിരുന്നു. കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരായ നിലപാട് സ്വീകരിച്ചതിനാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കിയത്.
അതിനിടെ കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. പതിനാലുപേര്‍ക്കെതിരെയാണ് അമ്പലപ്പുഴ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്.
ഫയര്‍ഫോഴ്സിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. ജോലി തടസപ്പെടുത്തിയെന്നു കാട്ടി ഫയര്‍ഫോഴ്സ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ്.
















