ആലപ്പുഴ: കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ജില്ലയില്‍ തകര്‍ന്നത് അഞ്ഞൂറിലേറെ വീടുകള്‍. നാശനഷ്ടത്തിന്റെ കണക്ക് എടുത്തുവരുന്നതേയുള്ളു. വെള്ളം ഇറങ്ങി കഴിയുമ്പോള്‍ ക്യാമ്പുകളില്‍നിന്ന് കുടുംബങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ മാത്രമെ തകര്‍ന്ന വീടുകളുടെ എണ്ണം കൃത്യമായി ശേഖരിക്കാന്‍ കഴിയുകയുള്ളു.
വെള്ളക്കെട്ടില്‍ ദിവസങ്ങളായി നില്‍ക്കുന്ന വീടുകളുടെ ഉറപ്പില്‍ ആശങ്കയുണ്ട്. കുട്ടനാട്ടില്‍ പല വീടുകളുടെയും ഭിത്തിയും മറ്റും വിണ്ടുകീറിയ നിലയിലാണ്. ജില്ലയിലെ ആറു താലൂക്കുകളിലുമായി മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി 101 ദുരിതാശ്വാസ ക്യാമ്പുകളാണ് വൈകിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം തുറന്നിട്ടുള്ളത്. 18,189 അന്തേവാസികളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 5493 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതില്‍ 6933 പുരുഷന്മാരും 7893 സ്ത്രീകളും 3363 കുട്ടികളും ഉള്‍പ്പെടുന്നു.
കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളിലായി 505 കഞ്ഞി വീഴ്‌ത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 97,446 പേര്‍ക്ക് ഇതു വഴി ഭക്ഷണം എത്തിക്കുന്നുണ്ട്. 23,308 കുടുംബങ്ങള്‍ക്ക് ഇത് വഴി പ്രയോജനം ലഭിക്കുന്നു. ഇതില്‍ 84,705 മുതിര്‍ന്നവരും 12,741 കുട്ടികളുമാണ് കഞ്ഞിവീഴ്‌ത്തല്‍ കേന്ദ്രങ്ങളില്‍ എത്തുന്നത്. ആലപ്പുഴ നഗരത്തില്‍ പുതുതായി ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. എസ്ഡിവി സെന്‍ട്രല്‍ സ്‌കൂളിലാണ് പുതിയ ക്യാമ്പ് ആരംഭിച്ചത്.
കുട്ടനാട്ടിലെ ജലവിതാനം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. എങ്ങും പരിഭ്രാന്തിയില്ലെങ്കിലും കൃഷിനാശത്തെ കുറിച്ച് ആശങ്ക കൂടുകയാണ്. ബണ്ടുകള്‍ പൊളിയുന്നില്ലെങ്കിലും വെള്ളം കരകവിഞ്ഞു പാടശേഖരങ്ങളിലേക്ക് ഒഴുകുന്നുണ്ട്. അത് തടയാനുള്ള തകൃതിയായ പണിയാണ് എല്ലായിടത്തും.
ചാക്കുകളില്‍ മണല്‍ നിറച്ചശേഷം ബണ്ടിന്റെ മുകളില്‍ ഒന്നും രണ്ടും അടുക്കുകളായി അട്ടിയിടുകയാണ്. ഇതൊരു ശാശ്വത പരിഹാരമല്ലെന്ന് കര്‍ഷകര്‍ക്ക് അറിയാമെങ്കിലും, പക്ഷെ അവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ല. സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ചുള്ള നടപടിക്കായി കാത്തുനിന്നാല്‍ ഇത്തവണത്തെ രണ്ടാംകൃഷി പൂര്‍ണമായും നശിക്കുമെന്ന് ഉറപ്പ്. അതിനാല്‍ രാപകല്‍ കഷ്ടപ്പെടുകയാണ് കര്‍ഷകര്‍.
















