കുട്ടനാട്: പ്രളയത്തെ തുടര്‍ന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്കു പോകുന്ന കുട്ടനാട്ടുകാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി യാത്രാതടസങ്ങളാണ്. റോഡ് ഗതാഗതം പൂര്‍ണമായി മുടങ്ങിയതോടെ ജലഗതാഗതം മാത്രമാണ് ഏക യാത്രാമാര്‍ഗം.
ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ മാത്രമാണ് പ്രളയഭൂമിയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം. എന്നാല്‍ ആവശ്യത്തിനു ബോട്ടുകളില്ലാത്തതാണ് യാത്രക്കാരെ കുഴപ്പിക്കുന്ന പ്രധാന പ്രശ്‌നം.
സര്‍വീസ് നടത്തുന്ന ബോട്ടുകളെല്ലാം തന്നെ കയറ്റാനാവുന്നതിലധികം യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്. ശക്തമായ ഒഴുക്കും ബോട്ടുകളുടെ അപകടാവസ്ഥയും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവശ്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നതിനാവശ്യമായ ബോട്ടുകളില്ലാത്തത് ജലഗഗാതത വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നു. കിഴക്കന്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന പോളയും മറ്റു മാലിന്യങ്ങളും ബോട്ട് യാത്ര ദുഷ്‌ക്കരമാക്കുന്നു.
പോളയ്‌ക്കു പുറമെ കിഴക്കുനിന്നുള്ള മരശിഖരങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മുളങ്കൂട്ടങ്ങള്‍ തുടങ്ങിയവ പാലങ്ങളുടെ തൂണുകളിലും മറ്റുമായി കുരുങ്ങിക്കിടക്കുകയാണ്. ചങ്ങനാശേരി ബോട്ടുജെട്ടിക്കു സമീപം, പുളിങ്കുന്ന് താലൂക്കാശുപത്രി പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ഗതാഗത തടസമുള്ളത്.
ചങ്ങനാശേരി ബോട്ടുജെട്ടി മുതല്‍ രണ്ടര കിലോമീറ്ററോളം വരുന്ന പ്രദേശത്ത് പോളയും മാലിന്യങ്ങളും തിങ്ങിക്കിടക്കുകയാണ്. പല സ്ഥലങ്ങളിലും ഇവ നീക്കം ചെയ്യുന്നുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിന് അനുസരിച്ച് ഇവ വീണ്ടും നിറയുകയാണ്.
















