മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വി ഷാ ഉത്തേജക വിവാദത്തില്‍ അകപ്പെട്ടതിന് പിന്നാലെ വിഷാദരോഗത്തിന് അടിപ്പെട്ടതായി റിപ്പോര്‍ട്ട്. വിവാദങ്ങളില്‍ അസ്വസ്ഥനായ പൃഥ്വി തല്‍ക്കാലം നാട്ടില്‍ നിന്ന് മാറിനില്‍ക്കാനായി ഇംഗ്ലണ്ടിലേക്ക് പോകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എട്ട് മാസത്തെ വിലക്കാണ് പൃഥ്വി ഷായ്‌ക്ക് ലഭിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടയില്‍ ചുമയ്‌ക്ക് ഷാ ഉപയോഗിച്ച സിറപ്പില്‍ ടെര്‍ബ്യൂട്ടാലിന്‍ എന്ന നിരോധിത വസ്തു കണ്ടെത്തുകയായിരുന്നു. മൂത്ര പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്ന് ബിസിസിഐ എട്ട് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ട്വന്റി20 മത്സരത്തിനിടെ ചുമയെ തുടര്‍ന്നാണ് താന്‍ കഫ് സിറപ്പ് കഴിച്ചതെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും ഷാ പറഞ്ഞിരുന്നു.
തുടര്‍ന്ന് ബിസിസിഐ ചുമത്തിയ സസ്‌പെന്‍ഷന്‍ ഷാ അംഗീകരിക്കുകയും മരുന്ന് കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മറ്റ് യുവതാരങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറമെ സസ്‌പെന്‍ഷന്‍ അവസാനിക്കുന്നതുവരെ എല്ലാ വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഷാ ആഗ്രഹിക്കുന്നുണ്ട്. ഷായുടെ വിലക്ക് നവംബര്‍ 15ന് അവസാനിക്കും. അതിനുശേഷം അദ്ദേഹം വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്നാണ് കരുതുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുശേഷം ടെസ്റ്റ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കറഞ്ഞ ഇന്ത്യന്‍ താരം കൂടിയാണ്. ഇന്ത്യക്കുവേണ്ടി രണ്ട് ടെസ്റ്റാണ് പത്തൊന്‍പതുകാരനായ ഷാ കളിച്ചത്. ‘
















