പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കോഹ്‌ലിക്ക് സെഞ്ചുറി. 115 പന്തില്‍ നിന്ന് 102 റണ്‍സ് തികച്ച കോഹ്‌ലിയുടെ ഏകദിനത്തിലെ 42-ാം ശതകമാണിത്. സെഞ്ചുറി കരുത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 39-ാം ഓവറില്‍ 200 കടന്നു. 44 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കോഹ്‌ലിക്കൊപ്പം ക്രീസില്‍.
മത്സരത്തിനിടെ കോഹ്‌ലി മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് ഇന്നലെ കോഹ്‌ലി സ്വന്തമാക്കിയത്. ഇന്നലെ രണ്ടാം ഏകദിനത്തില്‍ 19 റണ്‍സ് നേടിയതോടെയാണ് ഈ റെക്കോഡ് കോഹ്‌ലി സ്വന്തമാക്കിയത്.
പാക്കിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദ് 26 വര്‍ഷം മുമ്പ് നേടിയ റെക്കോഡാണ് കോഹ്‌ലി തിരുത്തിയത്. 64 ഇന്നിംഗ്‌സുകളില്‍ നിന്ന് 1930 റണ്‍സാണ് മിയാന്‍ദാദ് വിന്‍ഡീസിനെതിരെ നേടിയത്. വെറും 34 ഇന്നിങ്‌സില്‍ നിന്നാണ് കോഹ്‌ലി മിയാന്‍ദാദിന്റെ റെക്കോഡ് മറികടന്നത്.
വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലും മറ്റൊരു റെക്കോഡ് ഇന്നലെ സ്വന്തമാക്കി. 300 ഏകദിനങ്ങള്‍ കളിച്ച ആദ്യ വിന്‍ഡീസ് താരമെന്ന റെക്കോഡാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. 299 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോഡാണ് ഗെയ്ല്‍ മറികടന്നത്. രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്.
ഇന്നിങ്‌സിലെ മൂന്നാം പന്തില്‍ രണ്ട് റണ്‍സെടുത്ത ധവാന്‍ കോട്‌റെലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രം. പിന്നീട് രോഹിതും കോഹ്‌ലിയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു നീക്കി. രോഹിത് റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ കോഹ്‌ലി തുടക്കം മുതല്‍ മികച്ച സ്‌ട്രോക്കുകളുമായി കളം നിറഞ്ഞു. ഒടുവില്‍ സ്‌കോര്‍ 76 റണ്‍സിലെത്തിയപ്പോള്‍ രോഹിതിനെയും ഇന്ത്യക്ക് നഷ്ടമായി. 34 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 18 റണ്‍സെടുത്ത രോഹിതിനെ ചേസിന്റെ പന്തില്‍ നിക്കോളാസ് പൂരന്‍ പിടികൂടി. അതിനുശേഷം കോഹ്‌ലിയും ഋഷഭ് പന്തും ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. തൊട്ടുപിന്നാലെ ഋഷഭ് പന്ത് മടങ്ങി.35 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത പന്തിനെ ബ്രാത്ത്‌വെയ്റ്റ് ബൗള്‍ഡാക്കി.
















