പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ലിവര്‍പൂളും നോര്‍വിച്ചും ഏറ്റുമുട്ടുന്നു
ലിവര്‍പൂള്‍: ഗോളടി മേളത്തോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള പ്രയാണം തുടങ്ങി. മുപ്പത് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടം കൈപ്പിടയിലൊതുക്കാന്‍ ഒരുങ്ങുന്ന യൂര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നോര്‍വിച്ചിനെ തോല്‍പ്പിച്ചു.
കരുത്തരായ ലിവര്‍പൂളിന് മുന്നില്‍ പകച്ചുപോ നോര്‍വിച്ച് തുടക്കത്തില്‍ തന്നെ സെല്‍ഫ് ഗോള്‍ വഴങ്ങി. ക്യാപ്റ്റന്‍ ഗ്രാന്‍ഡ് ഹാന്‍ലീയുടെ ബൂട്ടില്‍ നിന്നാണ് സ്വന്തം വലയില്‍ പന്തുകയറിയത്. രണ്ടാം ഡിവിഷന്‍ ലീഗില്‍ നിന്ന് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമാണ് നോര്‍വിച്ച്്.
സെല്‍ഫ് ഗോളിന് പിന്നാലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സല, വിര്‍ജില്‍ വാന്‍ ഡിക്, ഡിവോക് ഒറിജി എന്നിവരും ലക്ഷ്യം കണ്ടതോടെ ഇടവേളയ്‌ക്ക് ലിവര്‍പൂള്‍ 4-0ന് മുന്നിലായി. രണ്ടാം പകുതിയില്‍ നോര്‍വിച്ചിന്റെ ടീമു പുക്കി ഒരു ഗോള്‍ മടക്കി.
ഇത്തവണ ഇപിഎല്‍ കിരീടം പിടിക്കണമെന്ന വാശിയിലാണ് ലിവര്‍പൂള്‍. കഴിഞ്ഞ സീസണില്‍ റെക്കോഡ് പോയിന്റ് (97) നേടിയിട്ടും ലിവര്‍പൂളിന് ഒരു പോയിന്റിന്റെ വ്യത്യാസത്തിന് കിരീടം നഷ്ടമായി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലിവര്‍പൂളിനെ പിന്നിലാക്കി കിരീടം നേടിയത്. ഇത്തവണയും സിറ്റിയില്‍ നിന്ന് ലിവര്‍പൂളിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.
















