ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്ന എല്ലാവരെയും നെഹ്രു കുടുംബം വീണ്ടും പറ്റിച്ചു. സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകുമെന്ന് തീരുമാനമെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. നേരത്തെ, രാഹുല്‍ഗാന്ധി തന്നെ പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. മറ്റാരെയും അധ്യക്ഷ സ്ഥാനത്തേക്ക് പ്രഖ്യാപിക്കാനുള്ള ശേഷി പ്രവര്‍ത്തക സമിതിക്കില്ലെന്ന ഉറപ്പില്‍ രാഹുല്‍ഗാന്ധി തന്റെ രാജിനാടകം തുടര്‍ന്നിരുന്നു. ഇതിനിടെയാണ് താന്‍ അധ്യക്ഷ പദവി ഏറ്റെടുക്കാമെന്ന പ്രഖ്യാപനവുമായി സോണിയ ഗാന്ധി രംഗത്ത് വരുന്നത്.
രാഹുല്‍ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയാഗാന്ധിയും ഇന്നലെ രാവിലെ മുതല്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തില്ല. പകരം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കാഗാന്ധിയാണ് പങ്കെടുത്തത്. അഞ്ചു മേഖലകളായി തിരിച്ച് ആരെ അധ്യക്ഷനാക്കണം എന്ന ചര്‍ച്ച പ്രവര്‍ത്തക സമിതിയോഗത്തില്‍ പേരിന് നടത്തിയെങ്കിലും അഞ്ച് ഗ്രൂപ്പുകളും രാഹുല്‍ തന്നെ അധ്യക്ഷനാവണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. തുടര്‍ന്നാണ് സോണിയയുടെ പേര് ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്നതും. എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും ഒന്നും മിണ്ടാതെ എല്ലാവരും ഈ തീരുമാനം അംഗീകരിക്കുന്നതും.
















