ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ കശ്മീരില്‍ വിഘടനവാദികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കി കേന്ദ്രം.
കശ്മീരിലെ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ 45 വിഘടനവാദികളെ ആഗ്ര ജയിലിലേക്ക് മാറ്റി. കലാപ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വ്യോമമാര്‍ഗമാണ് ഇവരെ ശ്രീനഗറില്‍ നിന്നും ആഗ്രയിലെത്തിച്ചത്. കശ്മീര്‍ ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് മിയന്‍ ഖയൂം, കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹി മുബിന്‍ ഷായും ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. വിഘടനവാദി സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണ് ഇവരെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നിയന്ത്രണങ്ങളില്‍ അയവു വരുത്തിയതോടെ കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്കായി. ഉത്തര കശ്മീരിലെ സോപാര്‍ ടൗണില്‍ കല്ലേറുണ്ടായതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാതെ കനത്ത ജാഗ്രതയിലാണ് സൈന്യം. പ്രധാന നഗരങ്ങളില്‍ ഓരോ 100 മീറ്ററിലും ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. ടെലിഫോണ്‍, ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്.
















