ബെംഗളുരു: കേരളത്തിനു സമാനമായി കര്‍ണ്ണാടക കുടകിലും ഉരുള്‍പ്പൊട്ടല്‍; ഭാഗമണ്ഡലയിലും, തോറയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇവിടെ ഏഴ് പേര്‍ മരിച്ചു. എട്ട് പേരെ കാണാതായി.
ഭാഗമണ്ഡലയിലെ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. വിരാജ് പേട്ടയിലെ തോറ ഗ്രാമത്തിലാണ് ബാക്കി രണ്ട് മരണം. ഇവിടെ എട്ട് പേര്‍ മണ്ണിനടിയില്‍ പെട്ടതായും സംശയമുണ്ട്. മുന്നൂറിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. മണ്ണിടിഞ്ഞ് കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. മഴ വരുത്തി വെച്ച നാശ നഷ്ടങ്ങള്‍ മൂലം പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു.
കര്‍ണാടകത്തില്‍ ആകെ ഒരു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. വടക്കന്‍ കര്‍ണാടകത്തില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
















