മിലാന്‍: പുതുതായെത്തിയ ബെല്‍ജിയം മുന്നേറ്റനിരക്കാരന്‍ റൊമേലു ലുക്കാക്കുവിന് ഇന്റര്‍ മിലാന്‍ ഒമ്പതാം നമ്പര്‍ ജേഴ്‌സി നല്‍കി. നേരത്തെ മൗറോ ഐക്കാര്‍ഡി ഉപയോഗിച്ചിരുന്ന ജേഴ്‌സിയാണിത്.
കഴിഞ്ഞ അഞ്ചു സീസണില്‍ ഐക്കാര്‍ഡി ഇന്ററിന്റെ ഗോളടി യന്ത്രമായിരുന്നു. പക്ഷെ കഴിഞ്ഞ സീസണില്‍ പുതിയ കോച്ച് അന്റോണിയോ കോന്റെ ഐക്കാര്‍ഡിക്ക്് പകരം ലൂസിയനോയെ ടീമിലുള്‍പ്പെടുത്തി. ബ്രസീലിന്റെ റൊണാള്‍ഡോ, കാമറൂണ്‍ മുന്നേറ്റനിരക്കാരന്‍ സാമുവല്‍ എറ്റോ, അര്‍ജന്റീനയുടെ ഹെര്‍നാന്‍ ക്രെസ്‌പോ എന്നിവരും ഇന്ററിനായി ഒമ്പതാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുണ്ട്. കോന്റെ പരിശീലകനായതിനാലാണ് താന്‍ ഇന്റര്‍ മിലാനില്‍ ചേര്‍ന്നതെന്ന് ലുക്കാകു പറഞ്ഞു. കോച്ച് ഒരു പ്രധാന ഘടകമാണ്. ലോകത്തെ മികച്ച പരിശീലകനാണ് കോന്റെ. കളിക്കാരുടെ നിലവാരം ഉയര്‍ത്താന്‍ അദ്ദേഹത്തിന് അറിയാമെന്നും ലുക്കാക്കൂ കൂട്ടിച്ചേര്‍ത്തു. കോന്റെയുടെ ശിക്ഷണത്തില്‍ യുവന്റസ് തുടര്‍ച്ചയായ മൂന്ന് തവണ സീരീ എ കിരീടം നേടി. ചെല്‍സിക്ക് എഫ്എ കപ്പും നേടിക്കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ഇന്റര്‍ സീരി എയില്‍ നാലാം സ്ഥാനം നേടി. 2011ല്‍ കോപ്പ ഇറ്റാലിയ നേടിയതിനുശേഷം മേജര്‍ കിരീടങ്ങളൊന്നും ഇന്ററിന് നേടാനായിട്ടില്ല.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ്് ലുക്കാക്കുവിനെ ഇന്റര്‍ മിലാന്‍ സ്വന്തമാക്കിയത്. 633 കോടിയാണ് കൈമാറ്റത്തുക. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. രണ്ട് വര്‍ഷം യുണൈറ്റഡിനായി കളിച്ച ലുക്കാക്കു 96 മത്സരങ്ങളില്‍ 42 ഗോളുകള്‍ നേടി.
















