ന്യൂദല്‍ഹി: ഭാരതത്തിന്റെ അതിര്‍ത്തിയില്‍ പ്രകോപനങ്ങള്‍ തുടരുന്ന പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്റെ മോഹങ്ങള്‍ തകര്‍ന്നടിയും. പ്രകോപനങ്ങള്‍ സൃഷ്ടിക്കരുതെന്നും അദേഹം പറഞ്ഞു. കാശ്മീര്‍ ഇനി സുരക്ഷിതമാണ്. വിഘടനവാദികളെ ജനങ്ങള്‍ തന്നെ അടിച്ചോടിക്കും. ജമ്മു കശ്മീരിന് ഇനി വികസനത്തിന്റെ നാളുകളാണ്. ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു-കശ്മീരില്‍ നിന്നു തന്നെയായിരിക്കും ജനപ്രതിനിധികള്‍. ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരുമെന്നും അദേഹം വ്യക്തമാക്കി.
ബിജെപി സര്‍ക്കാര്‍ നടത്തിയത് ചരിത്രപരമായ തീരുമാനമാണ്. കശ്മീരിന്റെ വികസനത്തിന് 370 വകുപ്പ് തടസമായിരുന്നു. ഇതാണ് സര്‍ക്കാര്‍ എടുത്തുമാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്‌നമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഭീകരതയുടെ അടിവേര് അറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭീകരതയ്‌ക്കും അഴിമതിക്കും വളമിടുകയായിരുന്നു 370-ാം വകുപ്പ്. ഈ വകുപ്പ് റദ്ദാക്കിയതിലൂടെ ജമ്മുവിലെ ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിക്കും.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെയാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ബുധനാഴ്ച അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍, മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മരണത്തെത്തുടര്‍ന്ന് ഇതു മാറ്റിവെക്കുകയായിരുന്നു. ഉപഗ്രഹവേധ മിസൈല്‍ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയെന്ന പ്രഖ്യാപനവുമായി മാര്‍ച്ച് 27-നാണ് പ്രധാനമന്ത്രി അവസാനമായി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തത്.
















