ബെംഗളൂരു: സഖ്യകക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ താന്‍ സന്തോഷവാനാണെന്ന് എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസിനുവേണ്ടി അടിമയെപ്പോലെ പണിയെടുത്തിട്ടും കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് കിട്ടിയത്. ജനതാദള്‍(എസ്) എം.എല്‍.എമാരുടേതിനെക്കാള്‍ കോണ്‍ഗ്രസുകാരുടെ മണ്ഡലങ്ങളിലേക്കാണ് കൂടുതല്‍ പണം അനുവദിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് എല്ലാ എം.എല്‍.എമാര്‍ക്കും കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ക്കും പൂര്‍ണസ്വാതന്ത്ര്യം നല്‍കി. സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ ദിനം മുതല്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറിയത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്കുമാത്രമായി 14 മാസത്തിനിടെ 19,000 കോടി രൂപ അനുവദിച്ചു. മുന്‍കൂട്ടി അനുമതിതേടാതെ എം.എല്‍.എമാര്‍ സന്ദര്‍ശിക്കാന്‍വന്നപ്പോഴെല്ലാം കാണാന്‍ തയ്യാറായി. ഓരോരുത്തരുടെയും മണ്ഡലങ്ങളിലെ വികസനം സംബന്ധിച്ച അപേക്ഷകളില്‍ പെട്ടെന്ന് തീരുമാനമെടുത്ത് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് 14 മാസംകൊണ്ട് താന്‍ ചെയ്തെന്നും കുമാരസ്വാമി പറഞ്ഞു.
14 മാസം സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടും ആരും അംഗീകരിക്കാത്തതില്‍ വിഷമമുണ്ട്. സഖ്യസര്‍ക്കാറില്‍ ജനതാദളിന്(എസ്) താത്പര്യമില്ലായിരുന്നു അതുകൊണ്ട് തന്നെ ഭാവിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ നേതാക്കള്‍ക്കും ബഹുഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും താത്പര്യമില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
















