സീതാപൂര്‍ : മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനെതിരെ കേസ് കൊടുത്ത യുവതിയുടെ മൂക്ക് ഭര്‍ത്തൃവീട്ടുകാര്‍ മുറിച്ചു. ഉത്തര്‍പ്രദേശ് സീതാപുരിലാണ് സംഭവം നടന്നത്. മൊബൈലിലൂടെ മൊഴി ചൊല്ലിയെന്ന് ആരോപിച്ച് യുവതിയുടെ മാതാവ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഫോണ്‍ വിളിച്ച് മൊഴി ചൊല്ലിയെന്ന യുവതിയെന്ന പരാതിയില്‍ രണ്ടുപേരുടെയും വീട്ടുകാരെ ഒത്തുതീര്‍പ്പിനായി പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ സമവായത്തില്‍ ആകാതിരുന്നത് മൂലം മുത്തലാഖ് ആക്ടിലെ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് ഫയല്‍ ചെയ്തു. ഇതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറാകാത്തതുമൂലം ഭര്‍ത്തൃവീട്ടുകാര്‍ യുവതിയെ മര്‍ദ്ദിച്ചെന്നും മൂക്കിന് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നും യുവതിയുടെ അമ്മ സെയ്ഫുന്‍ നിഷ അറിയിച്ചു.
എന്നാല്‍ യുവതിയുടെ കൈയില്‍ മാരകമായ ആയുധം ഉണ്ടെന്നും അതുകൊണ്ട് അവര്‍ സ്വയം മൂക്ക് മുറിക്കുകയാണ് ചെയ്തത്. തങ്ങളേയും ഉപദ്രവിക്കുകയും, കല്ലുകൊണ്ടെറിഞ്ഞെന്നും ഇവരുടെ ഭര്‍തൃസഹോദരനും മാതാവും അറിയിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ട് അടുത്തിടെയാണ് പാര്‍ലമെന്റ് ബില്‍ പാസ്സാക്കിയത്. അതിനു പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
















