തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യപിച്ചു കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കട്ടരാമന്‍ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചു എന്നു തെളിയിക്കാന്‍ ആവശ്യമായ രക്ത പരിശോധന റിപ്പോര്‍ട്ട് കോടതി ഹാജാരാക്കാന്‍ ഉത്തരവിട്ടിരുന്നു. അപകടം നടന്ന് പത്തു മണിക്കൂറിനു ശേഷം വന്‍ മാധ്യമ സമ്മര്‍ദം ഉയര്‍ന്ന ശേഷമാണ് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ശ്രീറാമിന്റെ രക്തസാംപിള്‍ പോലീസ് ശേഖരിച്ചത്. അതുകൊണ്ടു തന്നെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ പരിശോധനയില്‍ സാധിച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചതെന്നാണ് വിവരം.
ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണു കണ്ടെത്തിയതെന്നു കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചയ്‌ക്കു മുന്‍പ് കേസ് പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചു. 2.30ന് കേസ് പരിഗണിച്ചപ്പോള്‍ കേസ് ഡയറിയും അപകടമുണ്ടാക്കിയ കാറിന്റെ ഭാഗങ്ങളും കോടതിയില്‍ എത്തിച്ചു. തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ചികില്‍സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കസ്റ്റഡി അപേക്ഷ തള്ളിയത്. 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫൊറന്‍സിക് തെളിവ് ശേഖരണം വൈകിപ്പിക്കുന്നതായും സൂചനയുണ്ട്. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല.
അതേസമയം, പ്രതി ശ്രീറാം മയക്കുമരുന്ന് പോലുള്ള ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ടെന്നും ഡോപുമിന്‍ ടെസ്റ്റിന് ശ്രീറാമിനെ വിധേയനാക്കണമെന്നു വാദിഭാഗത്തിനു വേണ്ടി കോടതിയില്‍ സിറാജ് മാനെജ്മെന്റ് വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനാ ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം ക്രൈം എസ് ഐയുമായി ചേര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയത്. കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്. അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും പരിശോധിക്കപ്പെടേണണ്ട രക്ത സാമ്പിള്‍ പരിശോധനയാണ് പ്രതി സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനല്‍ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ ഉന്നത പോലീസ/ ഉദ്യോഗസ്ഥതല ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ട്. അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ല. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരേയും ഇതില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കേതിരേയും അന്വേഷണം വേണമെന്നും വാദിഭാഗം ആവശ്യമുന്നയിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് മ്യൂസിയം ജംക്ഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിനു സമീപം നിന്നിരുന്ന ബഷീറിനെ മദ്യലഹരിയില്‍ ശ്രീറാമും കാറിടിച്ചു കൊന്നത്.
















