തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയും മുന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയത്തിന്റെ നിഴലില്‍. ആറ് സെമസ്റ്ററുകള്‍ ഉള്ളതില്‍ ഒന്നാസെമസ്റ്റര്‍ തന്നെ നാലാമത്തെ ശ്രമത്തിലാണ് ശിവരഞ്ജിത് പാസ്സായത്. ആദ്യ നാല് സെമസ്റ്ററുകളില്‍ ശിവരഞ്ജിത്തിന് കിട്ടിയ മാര്‍ക്കുകളും കുറവായിരുന്നു. എന്നാല്‍ അവസാന രണ്ട് സെമസ്റ്ററുകളില്‍ 70 ശതമാനത്തിലധികം മാര്‍ക്കും ലഭിച്ചു. ഇതാണ് ഡിഗ്രി ഫലം സംബന്ധിച്ചും സംശയം ഉയര്‍ന്നിരിക്കുന്നത്.
ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന ശിവരഞ്ജിത് 2014 ലിലാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ആദ്യ സെമസ്റ്ററില്‍ ആറ് വിഷയങ്ങളില്‍ ആകെ ജയിച്ചത് ഒരു വിഷയത്തില്‍ മാത്രമായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ ശ്രമത്തില്‍ മൂന്നു വിഷയത്തില്‍ ജയിച്ചു. നാലാമത്തെ ശ്രമത്തിലാണ് എല്ലാ വിഷയത്തിനും ജയിക്കുന്നത്.
എന്നാല്‍ അഞ്ചാം സെമസ്റ്ററില്‍ ഫിസിക്കല്‍ കെമിസ്ട്രിയില്‍ 80 മാര്‍ക്ക് ലഭിച്ചു. ഇനോര്‍ഗാനിക് കെമിസ്ട്രി തേര്‍ഡ് പേപ്പറിന് 63 മാര്‍ക്കും എത്തിക്കല്‍ കെമിസ്ട്രിയില്‍ 81 ഉം പ്രാക്ടിക്കലിന് 74 ഉം മാര്‍ക്ക് നേടാന്‍ സാധിച്ചു.
ആറാം സെമസ്റ്ററില്‍ ഓര്‍ഗാനിക് കെമിസ്ട്രിക്ക് രണ്ടാം പേപ്പറിന് 78 മാര്‍ക്കും ഫിസിക്കല്‍ കെമിസ്ട്രി തേര്‍ഡില്‍ 78 മാര്‍ക്കും അതോടൊപ്പം പ്രോജക്ടും അടങ്ങുന്ന അധ്യാപകര്‍ മാര്‍ക്ക് നല്‍കുന്ന ഇന്റേണല്‍ അസസ്മെന്റ് പോലെയുള്ള വിഷയത്തില്‍ 80 മാര്‍ക്ക് നേടാന്‍ സാധിച്ചു.
അതിനിടെ യൂണിവേഴ്സിറ്റി പരീക്ഷാ ചോദ്യപേപ്പര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. മോഷണക്കേസില്‍ പ്രണവിനെയും പ്രതി ചേര്‍ക്കും.
അതേസമയം ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ മുന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. അധ്യാപകരേയും മുന്‍ പ്രിന്‍സിപ്പല്‍മാരേയും ചോദ്യം ചെയ്തു. മൂന്നു പേരെ ഇതിനോടകം ചോദ്യം ചെയ്യും. കേസില്‍ അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന് അറിയുന്നതിനായാണ് അന്വേഷണം നടത്തുന്നത്.
















