ലോഡര്‍ഹില്‍: ടി ട്വന്റിയില്‍ ഒട്ടേറെ റെക്കോഡുകള്‍ക്ക്് ഉടമയായ രോഹിത് ശര്‍മയുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. വിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ അടിച്ചതോടെ ടി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ (107)നേടുന്ന താരമായി ഈ ഇന്ത്യന്‍ ഓപ്പണര്‍.
വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ (105 സിക്‌സര്‍) റെക്കോഡാണ് ശര്‍മ മറികടന്നത്. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്ടിലാണ് മൂന്നാം (103) സ്ഥാനത്ത്.
ടി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും നേടിയ താരമാണ് രോഹിത്. 96 മത്സരങ്ങളില്‍ 2422 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ് രണ്ടാം സ്ഥാനത്ത് -2310 റണ്‍സ്്. 2272 റണ്‍സ് കുറിച്ച മാര്‍ട്ടിന്‍ ഗുപ്്ടിലാണ് മൂന്നാം സ്ഥാനത്ത്.
രോഹിത് നാല് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികള്‍ വീതം നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും കോളിന്‍ മണ്‍റോയുമാണ് രണ്ടാം സ്ഥാനത്ത്. വിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ 67 റണ്‍സ് നേടിയതോടെയാണ് ശര്‍മ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി കുറിച്ച താരമായത്. ശര്‍മയുടെ 21-ാം അര്‍ധ സെഞ്ചുറിയാണിത്. ഇരുപത് അര്‍ധ സെഞ്ചുറികള്‍ കുറിച്ച കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്്.
















