ലണ്ടന്‍: ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയുടെ മിന്നുന്ന പ്രകടനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കമ്മ്യൂണിറ്റി ഷീല്‍ഡ്. ഷൂട്ടൗട്ട് വിധിയെഴുതിയ മത്സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റി ഷീല്‍ഡ് ഉയര്‍ത്തിയത്. ഷൂട്ടൗട്ടില്‍ നിര്‍ണായകമായ കിക്ക് രക്ഷപ്പെടുത്തി ബ്രാവോയാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് കരസ്ഥമാക്കുന്നത്. കഴിഞ്ഞ സീസണില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക തോല്‍പ്പിച്ചാണ് സിറ്റി ചാമ്പ്യന്മാരായത്.
ആദ്യ പകുതിയില്‍ സിറ്റിയാണ് മികവ് കാട്ടിയത്. പരിക്കിനെ തുടര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ ലിറോയ് സെയ്‌നെ നഷ്ടമായെങ്കിലും സിറ്റി തകര്‍ത്തുകളിച്ചു. റഷീം സ്‌റ്റെര്‍ലിങ് തുടക്കത്തിലെ അവര്‍ക്ക് ലീഡും നേടിക്കൊടുത്തു. മുന്‍ ക്ലബ്ബായ ലിവര്‍പൂളിനെതിരെ പതിനൊന്ന് മത്സരങ്ങളില്‍ സ്‌റ്റെര്‍ലിങ്ങിന്റെ ആദ്യ ഗോളാണിത്.
രണ്ടാം പകുതിയില്‍ കളി മാറി. ജൂര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ ഒത്തിണക്കത്തോടെ പൊരുതി. ജോയല്‍ മാറ്റിപ്പിന്റെ ഗോളിലൂടെ അവര്‍ സമനില പിടിച്ചു. പക്ഷെ ഷൂട്ടൗട്ടില്‍ ലിവര്‍പൂളിന് അടിതെറ്റി. ലിവര്‍പൂള്‍ താരം ജോര്‍ജിനിയോയുടെ ഷോട്ട് സിറ്റി ഗോളി ബ്രാവോ രക്ഷപ്പെടുത്തി. അടുത്ത ഷോട്ട് ഗോളാക്കി ഗബ്രീല്‍ ജീസസ് സിറ്റിക്ക്് വിജയവും സമ്മാനിച്ചു.
















