ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിന് ഇന്ത്യ വിജയിച്ചു. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവസാന ട്വന്റി 20 നാളെ നടക്കും. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ കളി നിര്‍ത്തി വെക്കുകയായിരുന്നു.മഴ ശക്തമായതോടെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.
ഇന്ത്യയുടെ 167 നെതിരെ മോശം തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. എട്ട് റണ്‍സെടുക്കുന്നതിനിടെ അവരുടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്നും (4), എവന്‍ ലൂയിസും (0) മടങ്ങി. പിന്നീടെത്തിയ റോവ്മാന്‍ പവല്‍ (54) നിക്കോളാസ് പൂരന്‍ (19) കൂട്ടുകെട്ട് 76 റണ്‍സു നേടി ഇന്ത്യക്കു ഭീഷണിയാകുന്നതിനിടെ മനീഷ് പാണ്ഡ്യാ ബൗണ്ടറി ലൈനില്‍ എടുത്ത മനോഹരമായ ക്യാച്ചില്‍ പൂരന്‍ മടങ്ങി.
പാണ്ഡ്യയുടെ അതേ ഓവറില്‍ അഞ്ചാമത്തെ പന്തില്‍ പവല്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങിയതോടെ ഇന്ത്യക്കു പ്രതീക്ഷ കൂടി. പിന്നീട് വന്ന കീറോണ്‍ പൊള്ളാര്‍ഡ് (8), ഷിംറോണ്‍ ഹെറ്റ്മയേര്‍ (6) എന്നിവര്‍ നിലയുറപ്പിക്കുമ്പഴേക്കും വെളിച്ചക്കുറവും മഴയും വന്നതോടെ കളി നിര്‍ത്തിവെക്കുകയും മഴ ശക്തമായതോടെ കളി ഉപേക്ഷിച്ചു ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ 22 റണ്‍സിന് വിജയിയായി പ്രഖ്യാപിച്ചു. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
















