തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ നെഞ്ചില്‍ക്കുത്തി കൊല്ലാന്‍ ശ്രമിച്ച എസ്എഫ്‌ഐ ഗുണ്ടകളെ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. ഇവര്‍ മൂന്ന് പേരും പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്‌സി സ്ഥിരീകരിച്ചതോടെയാണ് നടപടി. പിഎസ്‌സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ നേതാക്കളെ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്താക്കിയത്.
പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‌സി ശുപാര്‍ശ ചെയ്യ്തു. പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.
കാസര്‍ഗോഡ് പോലീസ് ക്യാംപിലേക്കുള്ള പരീക്ഷ തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഇരുന്നാണ് ഇവര്‍ എഴുതിയത്. എന്നാല്‍ മൂന്ന് പേര്‍ക്കും ഒരേസമയം മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നാണ് കരുതുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിഎസ്‌സി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്.
















